മരട്: അധിക എക്സൈസ് തീരുവ വീണ്ടും വർദ്ധിപ്പിച്ച് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഉയർത്താനുള്ള കേന്ദ്ര നീക്കം പിൻവലിക്കുക, മോട്ടോർ മേഖലയെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലോറി - മിനിലോറി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) തൃക്കാക്കര ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ പൂണിത്തുറയിൽ സമരം സംഘടിപ്പിച്ചു. യൂണിയൻ തൃക്കാക്കര ഏരിയാ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൂണിത്തുറ മേഖല പ്രസിഡന്റ് എ.എൻ. കിഷോർ അദ്ധ്യക്ഷനായി. സി.പി.എം പൂണിത്തുറ ലോക്കൽ സെക്രട്ടറി പി. ദിനേശ്, ഇ.കെ. സന്തോഷ്, എം.എം. രാജേഷ്, സി.പി. പോൾസൺ, സി.പി. ഷാജി, കെ.കെ. അശോകൻ തുടങ്ങിയവർ സംസാരിച്ചു.