അങ്കമാലി: തുറവൂർ പഞ്ചായത്ത് നാലാംവാർഡിലുള്ള കണ്ടൻചിറക്കുളം നവീകരണത്തിലെ അപാകത പരിഹരിക്കണമെന്ന് പഞ്ചായത്ത് അംഗം സിനി സുനിൽ ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ച് പരാതികൾ പരിശോധിച്ച് അപാകതകളില്ലാതെ പൂർത്തിയാക്കണം.
പഞ്ചായത്തിലെ ഇടതുപക്ഷ അംഗങ്ങൾ കഴിഞ്ഞദിവസം കുളം സന്ദർശിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ റോജി എം. ജോൺ എം.എൽ.എയാണ് നിർമ്മാണോദ്ഘാടനം നടത്തിയത്. മാസങ്ങൾ കഴിഞ്ഞാണ് കോൺട്രാക്ടർ പണി ആരംഭിച്ചത്. രേഖകളിൽ 70 സെന്റോളം വിസ്തൃതിയാണ് കണ്ടൻചിറ കുളത്തിനുള്ളത്. മൈനർ ഇറിഗേഷൻ പദ്ധതിയിൽ 39 ലക്ഷം രൂപയാണ് നവീകരണത്തിന് അനുവദിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ പകുതിയലധികം നടന്നുകഴിഞ്ഞു. എന്നാൽ ഇപ്പോൾ കുളത്തിന്റെ വിസ്തൃതി വളരെക്കുറഞ്ഞതാണ് പരാതിക്കിടയാക്കിയത്. കുളത്തിൽനിന്ന് കുഴിച്ചെടുത്ത മണ്ണുപയോഗിച്ചു ബാക്കി സ്ഥലംനികത്തി. തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനവും നിർമ്മാണത്തിലുണ്ടെന്നും കുളത്തിന്റെ മുഴുവൻ സ്ഥലവും സംരക്ഷിക്കണമെന്നും സിനി സുനിൽ ആവശ്യപ്പെട്ടു. കളക്ടർക്കും ആർ ഡി ഒയ്ക്കും ഇറിഗേഷൻ, റവന്യൂ, കൃഷി അധികാരികൾക്കും പരാതി നൽകിയിട്ടുണ്ടെന്ന് എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ എം.എസ്. ശ്രീകാന്ത് പറഞ്ഞു.