തൃപ്പൂണിത്തുറ: റീബിൽഡ് കേരള ഒരു കോടി 32 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന പാവംകുളങ്ങര - കണ്ണൻകുളങ്ങര റോഡിലെ ടാറിംഗിനെതിരെ പരാതിയുമായി തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ ദക്ഷിണ മേഖലാകമ്മിറ്റി. നഗരസഭ അദ്ധ്യക്ഷയ്ക്ക് നിവേദനം നൽകി.

നിലവിലുള്ള റോഡിൽ നിന്ന് ഏകദേശം ഒന്നര അടിയോളം ഉയർത്തിയാണ് പുതിയ ടാറിംഗ്. ഇതുമൂലം റോഡിന്റെ വീതി കുറയുകയും സൈഡിൽ ഒരടിയോളം താഴേക്കാവുകയും ചെയ്യും. ഇരുചക്ര വാഹനങ്ങളിലെ യാത്രാക്കാർ അപടകപ്പെടുന്നതും പതിവാണ്.

മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും റോഡിനരികിലൂടെ നടന്നു പോവാനാവാത്ത സ്ഥിതിയാണ്. നിർമ്മാണ സമയത്ത് അധികൃതർ ശ്രദ്ധിക്കാതിരുന്നതാണ് അശാസ്ത്രീയമായ നിർമ്മാണത്തിന് കാരണമെന്ന് ട്രൂറ ചൂണ്ടിക്കാട്ടി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ട്രൂറ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്ന് പ്രസിഡന്റ് എം. സന്തോഷ്കുമാറും സെക്രട്ടറി സി.എസ്. മോഹനനും പറഞ്ഞു.