കോലഞ്ചേരി: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഗ്രഡേഷൻ ലഭിച്ച തിരുവാണിയൂർ പഞ്ചായത്തിലെ പതിനഞ്ച് വായനശാലകളെ നേതൃസമിതി അനുമോദിച്ചു. വെണ്ണിക്കുളം കലസാംസ്‌കാരികസംഘം യുവജന വായനശാല എ ഗ്രേഡിലെത്തി. ചെമ്മനാട് ബോധി ബി ഗ്രേഡും അത്താണി ഫ്രണ്ട്‌സ്, തിരുവാണിയൂർ ചങ്ങമ്പുഴ, കൊടുമ്പൂർ യൂണിയൻ ലൈബ്രറികൾക്ക് സി ഗ്രേഡും ലഭിച്ചു. ചെമ്മനാട് പബ്ലിക്, കുപ്പേത്താഴം ഗാലക്‌സി എന്നിവയ്ക്ക് തുടക്കത്തിലേതന്നെ ഇ ഗ്രേഡാണുള്ളത്. വെണ്മണി റെഡ് സ്റ്റാർ, വെങ്കിട കെ.പി. ചെറിയാൻസ് ലൈബ്രറികൾ എഫ് നിലനിർത്തി.
പുതിയ വായനശാലകളായ കാവുമ്പാട്ട് അയ്യങ്കാളി, മേപ്പാടം അദ്ധ്വാന, പഴുക്കാമറ്റം മഹാത്മാഗാന്ധി, തോട്ടുങ്കമല അംബേദ്കർ, കക്കാട് ഗ്രാമീണ വായനശാല, മറ്റക്കുഴി അനശ്വര ലൈബ്രറികളും എഫ് ഗ്രേഡ് നേടി. ഓൺലൈനായി ചേർന്ന അനുമോദന സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീജ വിശ്വനാഥൻ എല്ലാ ലൈബ്രറികളെയും അഭിനന്ദിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.ജി. സജീവ് മുഖ്യപ്രഭാഷണം നടത്തി. നേതൃസമിതി കൺവീനർ ഡോ. കെ.ആർ. പ്രഭാകരൻ അദ്ധ്യക്ഷനായി. സുനിൽ തിരുവാണിയൂർ, സുരേഷ് പുലരി, പ്രസാദ് മാധവൻ, ബേബി മുണ്ടയ്ക്കൻ, സി.പി. കുര്യാക്കോസ്, അരുൺ മോഹൻ, രാജൻ മേപ്പാടം, സുഭാഷ് പനിച്ചിക്കുഴി, കെ.എം. ലീലാമ്മ, ഡെന്നി എലന്തറ തുടങ്ങിയവർ സംസാരിച്ചു.