
കൊച്ചി: ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഒമിക്രോൺ വൈറസിനെ ഫലപ്രദമായി നിർവീര്യമാക്കുന്നുവെന്ന് പ്രമുഖ ക്ലിനിക്കൽ ഇമ്മ്യൂണോളജിസ്റ്റും റൂമറ്റോളജിസ്റ്റുമായ ഡോ. പത്മനാഭ ഷേണായി പറഞ്ഞു. കൊവിഡ് ബാധിച്ചവരോ ഒരു ഡോസ് കൊവിഷീൽഡ് വാക്‌സിൻ എടുത്തവരോ ആയ 2,000 പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ആളുകൾക്ക് പ്രതിരോധശേഷി ലഭിക്കുന്നത് സ്വാഭാവികമായ അണുബാധയിലൂടെയോ വാക്‌സിനേഷനിലൂടെയോയാണ്. രോഗം വന്നുപോയ ആൾക്ക് വാക്‌സിനേഷൻ എടുക്കുന്നതിലൂടെ രൂപപ്പെടുന്ന സങ്കര പ്രതിരോധ ശേഷിയെയാണ് ഹൈബ്രിഡ് ഇമ്മ്യൂണിറ്റി എന്ന് വിളിക്കുന്നത്.
കൊവിഡ് വരാത്ത ഒരാൾക്ക് രണ്ട് ഡോസ് വാക്‌സിനിലൂടെ ലഭിച്ച പ്രതിരോധശേഷിയേക്കാൾ 30 മടങ്ങ് അധിക പ്രതിരോധശേഷി കൊവിഡ് വന്നതിന് ശേഷം ഒരു ഡോസ് വാക്‌സിൻ മാത്രം സ്വീകരിച്ചവരിലുള്ളതായി മുമ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇപ്രകാരം അധിക പ്രതിരോധശേഷി കൈവരിച്ചവരെയാണ് ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഗണത്തിൽ പെടുത്തിയിരിക്കുന്നത്.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച 60 ശതമാനത്തിനും ഹൈബ്രിഡ് പ്രതിരോധശേഷിയുള്ള 90 ശതമാനത്തിനും കൊവിഡ് വൈറസിനെ പ്രതിരോധിക്കാൻ കഴിഞ്ഞു. ഡെൽറ്റ വകഭേദത്തിലും കണക്കുകൾ സമാനമായിരുന്നു. പഠന റിപ്പോർട്ട് ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രശസ്തമായ ലാൻസെറ്റ് റുമറ്റോളജി ജേർണലിന്റെ നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഡോ. ഷേണായി അറിയിച്ചു.
ഒമിക്രോണിനെതിരെ വാക്‌സിനിലൂടെ ലഭ്യമായ പ്രതിരോധശേഷിയും ഹൈബ്രിഡ് ഇമ്മ്യൂണിറ്റിയും എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തുന്നതിനാണ് പഠനം നടത്തിയത്. കൊവിഡ് വരാതെ വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചതിലൂടെ ഒരാൾ കൈവരിച്ച പ്രതിരോധശേഷിക്ക് ഒമിക്രോണിനെ നിർവീര്യമാക്കാൻ സാധിക്കില്ലെന്ന് പഠനം സൂചിപ്പിക്കുന്നു. കൊവിഡ് ബാധിക്കുകയും തുടർന്ന് ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച് ഹൈബ്രിഡ് ഇമ്മ്യൂണിറ്റി കൈവരിക്കുകയും ചെയ്തവരിൽ 65 ശതമാനം പേർക്കും വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചു. ഭൂരിഭാഗം ഇന്ത്യക്കാർക്കും ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഉള്ളതിനാലാണ് കൊവിഡ് മൂന്നാം തരംഗത്തിൽ വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണ നിരക്ക് കുറഞ്ഞതെന്ന് പത്മനാഭ ഷേണായി പറഞ്ഞു.