കളമശേരി: ഏലൂർ നഗരസഭയിലെ വാർഡ് സഭകൾ ശനി, ഞായർ ദിവസങ്ങളിൽ ഓൺലൈനിൽ ചേരും. 14-ാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം വർഷത്തെ പദ്ധതികൾ രൂപീകരിക്കാനാണ് ഓൺലൈനിൽ യോഗം ചേരുന്നത്. ക്രമീകരണങ്ങളും നിർദ്ദേശങ്ങളും നഗരസഭ ഒരുക്കും.

വിവിധ വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്ന് വന്ന നിർദ്ദേശങ്ങൾ വാർഡ് സഭയിൽ അവതരിപ്പിക്കും. വാർഡ്‌ സഭയിൽ ഉയർന്നു വരുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവും 2021-22 വാർഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് സാധൂകരിക്കലും നടക്കും. കൂടാതെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കൽ, അതി ദാരിദ്ര്യ പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത പട്ടിക അന്തിമമാക്കൽ, തൊഴിലുറപ്പ് 2022-23 ലേബർ ബഡ്‌ജറ്റ് ആക്ഷൻ പ്ലാൻ അംഗീകരിക്കൽ എന്നിവയാണ് വാർഡ് സഭാ അജണ്ഡയിലുള്ളത്.