പറവൂർ: കേരളകാർഷിക സർവകലാശാലയുടെ കാലാവസ്ഥാനുസൃത കൃഷിപദ്ധതിക്ക് പുത്തൻവേലിക്കര പഞ്ചായത്തിനെ തിരഞ്ഞെടുത്തു. സർവകലാശാലയുടെ 51-ാമത് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിൽ ആരംഭിക്കുന്ന 25 നൂതനപദ്ധതികളിൽ ഒന്നാണിത്. കാലാവസ്ഥയിലെ മാറ്റങ്ങൾ മനസിലാക്കി കൃഷിചെയ്യാനും അതിലൂടെ കർഷകർക്ക് കൂടുതൽ വിളവുലഭിക്കാനും അവസരമൊരുക്കുകയാണ് ലക്ഷ്യം. കാർഷിക മേഖലയിലെ പിന്നാക്കാവസ്ഥയും കാലാവസ്ഥാവ്യതിയാനം കാരണം പഞ്ചായത്തിലെ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകളും ഇക്യുനോട്ട് എന്ന ഗവേഷണ സ്ഥാപനത്തിലെ ഡോ.സി.ജി. മധുസൂദനനും കമ്മ്യൂണിറ്റി റിസോഴ്സ് സെന്റർ പുത്തൻവേലിക്കരയുടെ പ്രവർത്തകരും സർവകലാശാലാ അധികൃതരെ ബോദ്ധ്യപ്പെടുത്തിയതിനെത്തുടർന്നാണ് പദ്ധതി ലഭ്യമായത്.
ആദ്യഘട്ടമായി പട്ടികജാതി വിഭാഗത്തിലെ കർഷകരും കർഷകത്തൊഴിലാളികളും ഉൾപ്പെടെ 93 പേർക്ക് കാർഷികോപകരണങ്ങൾ വിത്ത്, വളം എന്നിവ നൽകി വിതരണം കാർഷികസർവകലാശാല ഡീൻ ഡോ. മിനി രാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി അദ്ധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറൂബി സെലസ്റ്റിന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോസ്, ബ്ലോക്ക് അംഗം വി.ടി. സലീഷ് പ്രൊഫ.പി. പ്രമീള, ഡോ. ബി. അജിത്കുമാർ, എം.പി. ഷാജൻ തുടങ്ങിയവർ പങ്കെടുത്തു.