പറവൂർ: പെരുമ്പടന്ന കവലയിൽ നിന്ന് വൃന്ദാവൻ ബസ് സ്റ്റോപ്പ് വരെയുള്ള റോഡിന്റെ മൂന്ന് ഭാഗങ്ങളിൽ ടാർ പൊളിഞ്ഞു. റോഡിൽ കുണ്ടും കുഴിയുമായതോടെ യാത്ര ദുഷ്കരമായി. പെരുമ്പടന്ന കവലയിൽ നിന്ന് റോഡിലേക്ക് കയറി അൽപ്പം സഞ്ചരിച്ച് കഴിയുമ്പോഴാണ് ആദ്യത്തെ കുഴികൾ. തുടർന്നുള്ള വളവിലും റോഡ് തകർന്നിട്ടുണ്ട്.

ഡോൺ ബോസ്കോ പള്ളിയുടെ സമീപത്താണ് ഏറ്റവും കൂടുതൽ കുഴികളുള്ളത്. ചെറിയ വളവുകളുള്ള റോഡാണിത്. പറവൂർ - ചെറായി റൂട്ടിൽ നിന്ന് പറവൂർ - കൊടുങ്ങല്ലൂർ റൂട്ടിലേക്ക് നഗരം ചുറ്റാതെ കയറാനുള്ള എളുപ്പ വഴിയാണിത്. അതുകൊണ്ട് തന്നെ ഇരുചക്രവാഹനങ്ങളും കാറുകളും മിനി ലോറികളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഇതിലൂടെ കടന്നു പോകുന്നു.

റോഡിൽ കുഴികൾ രൂപപ്പെട്ടത് വലിയ അപകടഭീഷണി ഉയർത്തുകയാണ്. ഇരുചക്രവാഹനത്തിൽ പോകുന്നവർ കുഴിയിൽ വീണ് അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ട്. രാത്രിയിലാണ് അപകടസാദ്ധ്യത കൂടുതൽ. റോഡിൽ കുഴികൾ രൂപപ്പെട്ടിട്ട് നാളേറെയായിട്ടും കുഴികൾ മൂടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്