
കൊച്ചി: സംസ്ഥാനത്ത് മൂന്ന് മാസത്തിനുള്ളിൽ 42 മാതൃകാ പ്രീ സ്കൂളുകൾ ഒരുക്കും. സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി. ഓരോ ജില്ലയിലും മൂന്നെണ്ണമാണ് ലക്ഷ്യമിടുന്നത്. ഇതിൽ ഏഴെണ്ണം ഇതിനോടകം പൂർത്തിയായി. ഫെബ്രുവരിയിൽ രണ്ടെണ്ണവും മാർച്ചിൽ അഞ്ചെണ്ണവും പൂർത്തിയാകും. ബാക്കിയുള്ളവ മെയ് മാസം സജ്ജമാക്കും. ഒരു മാതൃകാ പ്രീ സ്കൂളിനായി 15 ലക്ഷം രൂപയാണ് ചെലവ്.
ഇതിനുശേഷം ഒരു ബ്ലോക്കിൽ ഒരു മാതൃകാ പ്രീ സ്കൂൾ എന്ന തരത്തിൽ പദ്ധതി നടപ്പാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കുമിത്.
കുട്ടികളുടെ മാനസിക വളർച്ചയ്ക്കുൾപ്പെടെയുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ടാകും മാതൃകാ പ്രീ സ്കൂൾ പ്രവർത്തനം. കളിയിടങ്ങളും പ്രത്യേക കോർണറുകളും ശിശുസൗഹൃദ ഫർണീച്ചറുകളും ഇവിടെയുണ്ടാകും. വാതിൽ മുതൽ കൈകഴുന്നയിടം വരെ കുട്ടികളെ ആകർഷിക്കുന്ന തരത്തിലായിരിക്കും. ആറ് വയസു മുതലുള്ള ഔപചാരിക വിദ്യാഭ്യാസത്തിന് അടിത്തറ ഒരുക്കുകയാണ് ലക്ഷ്യം.