ksrtc-swift

കൊച്ചി: കെ.എസ്.ആർ.ടി.സി-സ്വിഫ്‌ട് കമ്പനിയിൽ നിയമന നടപടികൾ തുടരാൻ ഹൈക്കോടതി അനുമതി നൽകി. കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്ട് എന്ന പേരിൽ കമ്പനി രൂപീകരിക്കുന്നതിനെ ചോദ്യം ചെയ്ത് യൂണിയനുകളും എംപാനലുകാരെ നിയമിക്കുന്നതിനെതിരെ പി.എസ്.സി റാങ്ക് ഹോൾഡേഴ്സും നൽകിയ ഹർജികളിൽ ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നൽകിയത്. നിയമനങ്ങൾ പൂർണമായും മെറിറ്റ് അടിസ്ഥാനത്തിൽ നടത്തണമെന്ന് കോടതി നിർദ്ദേശം നൽകി. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചു വഴിയും നടത്താം. എംപാനലുകാർക്ക് പ്രത്യേക പരിഗണനയോ മുൻഗണനയോ നൽകേണ്ടതില്ല. നിയമനങ്ങൾ ഹർജികളിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്നും കോടതി പറഞ്ഞു.

കമ്പനി രൂപീകരണത്തെക്കുറിച്ചുള്ള വാദങ്ങളിലേക്ക് കോടതി കടന്നില്ല. ഹർജികളിൽ അന്തിമ വാദം കേൾക്കുമ്പോൾ ഇക്കാര്യം പരിഗണിക്കാമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാനുള്ള അവസാന ശ്രമമാണിതെന്ന് സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് വിശദീകരിച്ചു. കമ്പനിക്ക് ഫണ്ടു നൽകാൻ കിഫ്ബി സമ്മതിച്ചിട്ടുണ്ട്. തടസപ്പെട്ടാൽ കിഫ്ബി പിൻമാറുമെന്നും എ.ജി പറഞ്ഞു. ഹർജിയിലെ കക്ഷികൾക്ക് സത്യവാങ്മൂലം നൽകാൻ സമയം അനുവദിച്ച സിംഗിൾബെഞ്ച് ഹർജികൾ മാർച്ച് രണ്ടിനു പരിഗണിക്കാൻ മാറ്റി.