suklamistry

കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി) ചരിത്രത്തിലാദ്യമായി ഡയറക്ടർ പദവിയിൽ വനിത നിയമിതയായി. പശ്ചിമബംഗാൾ സ്വദേശിനി സുഖ്ല മിസ‌്ത്രി (58)യാണ് റിഫൈനറികളുടെ ചുമതലയുള്ള ഡയറക്ടറായി ചുമതലയേറ്റത്.

രാജ്യത്തെ ഐ.ഒ.സിയുടെ ഒൻപത് റിഫൈനറികളുടെയും പെട്രോകെമിക്കൽ പ്ളാന്റുകളുടെ പ്രവർത്തനവും ബിസിനസും സുഖ്ല മിസ്ത്രിയുടെ ചുമതലയിലാകും. പ്രതിവർഷം 80.55 ദശലക്ഷം ടൺ അസംസ്കൃത എണ്ണ സംസ്കരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റിഫൈനറി ശൃംഖലയാണ് ഐ.ഒ.സിയുടേത്.

ഐ.ഒ.സിയുടെ ബിഹാറിലെ ബറൗണി റിഫൈനറിയുടെ എക്സിക്യുട്ടീവ് ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു സുഖ്ല. ബി.എസ് 6 നിലവാരമുള്ള പെട്രോൾ നിർമ്മാണ പ്ളാന്റ് നിശ്ചിതസമയത്തിനകം പൂർത്തിയാക്കിയത് സുഖ്ലയുടെ നേതൃത്വത്തിലാണ്. ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, രത്നഗിരി റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ലിമിറ്റഡ് എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗമായും തുടരും. മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ സംയുക്ത സംരംഭമായ ഐ.എച്ച്.ബി.എല്ലിന്റെ നോൺ എക്സിക്യുട്ടീവ് ഡയറക്ടറായും തുടർന്ന് പ്രവർത്തിക്കും.

കൊൽക്കത്ത സർവകലാശാലയിൽ നിന്ന് മെറ്റലർജിക്കൽ എൻജിനീയറിംഗ് ബിരുദം നേടിയ സുഖ്ല മാനേജ്മെന്റിൽ അഡ്വാൻസ്ഡ് ഡിപ്ളോമയും ഇൻഡസ്ട്രിയൽ റേഡിയോഗ്രാഫി ആൻഡ് അൾട്രാസോണിക് നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിംഗിൽ സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. റിഫൈനറി, പെട്രോകെമിക്കൽ മേഖലകളിൽ 35 വർഷത്തെ പരിചയസമ്പത്തിന്റെ ഉടമയാണ് സുഖ്ല. പാനിപ്പത്ത് റിഫൈനറിയിൽ രാജ്യത്തെ ഏറ്റവും വലിയ നാഫ്‌ത്ത ക്രാക്കറിംഗ് സമുച്ചയം സ്ഥാപിച്ചതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഖത്തർ പെട്രോളിയത്തിലും ദുബായിലെ എമിറേറ്റ് നാഷണൽ ഓയിൽ കമ്പനിയിലും പദ്ധതികളുടെ മേൽനോട്ടത്തിന് ഡപ്യൂട്ടേഷനിൽ പ്രവർത്തിച്ച ഏക ഇന്ത്യൻ വനിതയും സുഖ്ലയാണ്. ദേശീയതലത്തിൽ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. അമേരിക്കയിലെ പെട്രോളിയം കോൺഗ്രസിൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.