ആലുവ: അദ്വൈതാശ്രമത്തിലെ ഗുരുമന്ദിരം കടവ് നവീകരണം പുനരാരംഭിച്ചു. കടവിൽ നേരത്തെ കെട്ടിയിരുന്ന ബണ്ടിന്റെ ചോർച്ച നിറുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇന്നലെ നടത്തിയത്. ഇതോടൊപ്പം ബണ്ടിനകത്ത് കെട്ടിക്കിടക്കുന്ന വെള്ളം പെരിയാറിലേക്ക് വലിയ മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്ന ജോലികളും നടന്നു.
23നകം കടവ് നവീകരണം പൂർത്തീകരിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. 15 ലക്ഷം രൂപ ചെലവഴിച്ച് ഇറിഗേഷൻ വകുപ്പ് ഒരുവർഷം മുമ്പാരംഭിച്ച കടവ് നവീകരണം പാതിവഴിയിൽ മുടങ്ങുകയായിരുന്നു. പലവട്ടം നിർമ്മാണം പുനരാരംഭിക്കാൻ തീരുമാനിച്ചെങ്കിലും വിജയത്തിലെത്തിയില്ല. 'കേരളകൗമുദി' ഇത് സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അൻവർ സാദത്ത് എം.എൽ.എ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്ത് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നിർമ്മാണം പുനരാരംഭിക്കാൻ തീരുമാനിച്ചെങ്കിലും തുടങ്ങിയില്ല. ഇന്നലെ നിർമ്മാണം ആരംഭിച്ചതോടെ ഉദ്യോഗസ്ഥർക്കും താത്കാലിക ആശ്വാസമായി. ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പ്രവീൺലാൽ, അസി. എൻജിനീയർ ടി.എം. സുനിത എന്നിവരുടെ മേൽനോട്ടത്തിലാണ് നിർമ്മാണം നടക്കുന്നത്.