ആലുവ: നടിയെ ആക്രമിച്ച കേസിന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ (ഒന്ന്) ഹാജരായി ജാമ്യമെടുത്തു.
അന്വേഷണോദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായി ജാമ്യമെടുക്കുന്നത് ഒഴിവാക്കാനാണ് കോടതിയിലെത്തിയത്. വൈകിട്ട് നാലിന് അഭിഭാഷകയ്ക്കൊപ്പം ജാമ്യത്തിന് ശ്രമിച്ചപ്പോൾ എന്തിനാണ് ഇവിടെ ഹാജരാകുന്നതെന്ന് കോടതി ചോദിച്ചു. തുടർന്ന് ദിലീപ് പുറത്തിറങ്ങി കാറിലിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ച വ്യവസ്ഥകൾ അഭിഭാഷക വിവരിച്ചു. തുടർന്നാണ് ഹർജി ഹർജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചപ്പോഴാണ് ദിലീപ് തിരിച്ചെത്തിയത്.
ഈ മാസം ഏഴിനാണ് ദിലീപ് ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവിൽ പറയുന്ന ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആൾജാമ്യവും പാസ്‌പോർട്ടും ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകി. വൈകിട്ട് 4.45ന് ആരംഭിച്ച നടപടിക്രമങ്ങൾ അഞ്ചരയോടെ പൂർത്തിയാക്കി സംഘം മടങ്ങി. മാദ്ധ്യമപ്രവർത്തകരോട് ദിലീപ് പ്രതികരിച്ചില്ല.