കൊച്ചി: മകൻ നേവിസ് സാജൻ മാത്യുവിന്റെ കൈകൾ മറ്റൊരാളിൽ ചലിക്കുന്നത് കണ്ടപ്പോൾ കോട്ടയം സ്വദേശി സാജൻ മാത്യുവിനും ഭാര്യ ഷെറിനും സങ്കടവും സന്തോഷവും അടക്കാനായില്ല. കർണ്ണാടക സ്വദേശി ബസവന ഗൗഡയിൽ തുന്നിച്ചേർത്ത മകന്റെ കൈകൾ അവർ ചേർത്തുപിടിച്ചു. നന്ദിവാക്കുകൾ പറയാൻ കഴിയാതെ ബസവന അവരുടെ പാദങ്ങളിൽ തൊട്ട് നമസ്കരിച്ചു.
അമൃത ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ഇരുകൈകളും മാറ്റിവയ്ക്കപ്പെട്ട കർണാടക ബെല്ലാരി സ്വദേശി ബസവന ഗൗഡയെ കാണാനാണ് കോട്ടയം വടവാതൂരിൽ നിന്ന് സാജൻ മാത്യു, ഭാര്യ ഷെറിൻ, മക്കളായ എൽവിസ്, വിസ്മയ എന്നിവർ എത്തിയത്. നേവിസിന്റെ കൈകളുമായി ബസവനഗൗഡയെ കണ്ടപ്പോൾ കുടുംബാംഗങ്ങളുടെ കണ്ണുകൾ നിറഞ്ഞു. സാജൻ മാത്യുവും ഷെറിനും ബസവനയുടെ കൈകൾ ചേർത്തു പിടിച്ചു. ഇരുകൈകളും ഉയർത്തി നന്ദി പറഞ്ഞാണ് നേവിസിന്റെ കുടുംബാംഗങ്ങളെ ബസവന യാത്രയാക്കിയത്. ആശുപത്രിയിലെ സെന്റർ ഫോർ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം ചെയർമാൻ ഡോ. സുബ്രഹ്‌മണ്യ അയ്യർ, മേധാവി ഡോ. മോഹിത് ശർമ്മ, സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. അജോയ് മേനോൻ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ സെപ്തംബർ 25 നാണ് നേവിസ് സാജൻ മാത്യുവിന് (25) മസ്തിഷ്‌കമരണം സംഭവിച്ചത്. കൈകൾ ഉൾപ്പെടെ അവയവങ്ങൾ ദാനം ചെയ്യാൻ നേവിസിന്റെ മാതാപിതാക്കൾ തീരുമാനിച്ചു. അമൃത ആശുപത്രിയിൽ ഡോ.സുബ്രഹ്‌മണ്യ അയ്യർ, ഡോ. മോഹിത് ശർമ്മ എന്നിവരുടെ നേതൃത്വത്തിലാണ് കൈകൾ ബസവന ഗൗഡയിൽ തുന്നിച്ചേർത്തത്. കർണാടകയിലെ ബെല്ലാരി സ്വദേശിയാണ് 34 കാരനായ ബസവന ഗൗഡ. റൈസ് മില്ലിൽ ബോയിലർ ഓപ്പറേറ്ററായി ജോലി ചെയ്യുന്നതിനിടെ 2011 ജൂലായിൽ വൈദ്യുതാഘാതമേറ്റതിനെ തുടർന്നാണ് ഇരു കൈകളും മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വന്നത്.
കോട്ടയം വടവാതൂർ കളത്തിൽപടി ചിറത്തിലത്ത് ഏദൻസിൽ സാജൻ മാത്യുവിന്റെയും ഷെറിന്റെയും മകനായ നേവിസ് ഫ്രാൻസിൽ അക്കൗണ്ടിംഗ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു. നേവിസിന്റെ ഹൃദയം, കരൾ, വൃക്കകൾ, കോർണിയ, കൈകൾ എന്നിവയും ദാനം ചെയ്തിരുന്നു.