
കൊച്ചി: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേമം സ്വദേശി ആർ.എസ്. ശശികുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. പൊതുസേവകർ അഴിമതിക്കേസിൽ കുറ്റക്കാരെന്ന് കണ്ടാൽ അവരെ തൽസ്ഥാനത്തു നിന്ന് നീക്കാൻ ലോകായുക്തക്ക് അധികാരം നൽകുന്ന നിയമ വ്യവസ്ഥ നീക്കിക്കൊണ്ടുള്ള ഓർഡിനൻസിനെയാണ് ഹർജിക്കാരൻ ചോദ്യം ചെയ്യുന്നത്. ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇന്നു പരിഗണിച്ചേക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിൽ രാഷ്ട്രീയ പക്ഷഭേദം കാണിക്കുന്നെന്നും സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ നിയമവിരുദ്ധമാണെന്നും അധികാര ദുർവിനിയോഗമാണെന്നും ആരോപിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഹർജിക്കാരൻ ലോകായുക്തയിൽ പരാതി നൽകിയിരുന്നു. ഹർജി അന്തിമ ഘട്ടത്തിലെത്തി നിൽക്കെയാണ് ലോകായുക്തയുടെ അധികാരം നഷ്ടപ്പെടുത്തുന്ന ഭേദഗതി ഓർഡിൻസെന്ന് ഹർജിയിൽ പറയുന്നു.