ആലങ്ങാട്: മുപ്പത്തടം ജലശുദ്ധീകരണ ശാലയ്ക്കു കീഴിലുള്ള പ്രദേശങ്ങളിൽ കുടിവെള്ളമില്ലെന്ന പരാതിക്ക് അടുത്തെങ്ങും ശാശ്വതപരിഹാരമാകില്ല. ശുദ്ധീകരിക്കുന്ന വെള്ളത്തിന്റെ അളവുകുറവും വിതരണത്തിലെ അപാകതയുമാണ് പ്രതിസന്ധിക്ക് കാരണം. ഉള്ളതുകൊണ്ട് ഓണം പോലെയെന്ന മട്ടിൽ വെള്ളംവിതരണം ചെയ്ത് തത്കാലം തലയൂരുകയാണ് അധികൃതർ. പ്രശ്‌നം പരിഹരിക്കാത്തതിനാൽ നിലവിലുള്ള ഗുണഭോക്താക്കളും രണ്ടാംഘട്ടം ജൽജീവൻ പദ്ധതിയിൽ കണക്ഷൻ ലഭിക്കാനിരിക്കുന്നവരും കഷ്ടത്തിലാകുമെന്ന സ്ഥിതിയിലാണ്.
കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തുകൾക്കായി മൂന്നു പതിറ്റാണ്ടു മുമ്പ് നടപ്പാക്കിയതാണ് മുപ്പത്തടം ജലശുദ്ധീകരണ പദ്ധതി. അന്ന് സ്ഥാപിച്ച പ്ലാന്റും വിതരണപൈപ്പുകളുമാണ് ഇന്നുമുള്ളത്. വളരെക്കുറച്ച് ഗുണഭോക്താക്കളുമായി തുടങ്ങിയ പദ്ധതിക്കുകീഴിൽ നിലവിൽ കാൽലക്ഷത്തോളം കുടുംബങ്ങളുണ്ട്. വാണിജ്യകണക്ഷനുകൾ വേറെയും. ഉപഭോഗം കൂടിയിട്ടും തുടക്കത്തിലുള്ള 12 ദശലക്ഷം ലിറ്റർ തന്നെയാണ് ഇപ്പോഴും ഉത്പാദിപ്പിക്കുന്നത്. പഴയ കോൺക്രീറ്റ്, ആസ്ബസ്‌റ്റോസ് പൈപ്പുകളും കാലഹരണപ്പെട്ടതാണ്. വിതരണപൈപ്പുകളിൽ അടിക്കടിയുണ്ടാകുന്ന തകരാറുകൊണ്ടു തന്നെ പലപ്പോഴും കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയുണ്ട്.
രണ്ടുദിവസത്തെ ഇടവേളയിൽ കുടിവെള്ളവിതരണം
2020-21ൽ നടപ്പാക്കിയ ജൽജീവൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ നാലായിരത്തോളം കണക്ഷനുകൾ നൽകി. രണ്ടാംഘട്ടത്തിൽ 17000 കണക്ഷനുകളാണ് നൽകാൻ പോകുന്നത്. എന്നാൽ പദ്ധതി നിഷ്‌കർഷിക്കുന്നവിധം പ്രതിദിനം 51 ലിറ്റർ ഓരോ പൗരനും നൽകാൻ കഴിയും വിധം ഉത്പാദനം വർദ്ധിപ്പിക്കാനോ വിതരണ സംവിധാനം നവീകരിക്കാനോ നടപടിയുണ്ടായില്ല. വെളളത്തിന്റെ കുറവുകാരണം നിലവിൽ രണ്ടുദിവസത്തെ ഇടവേളയിലാണ് കുടിവെള്ളം പമ്പുചെയ്യുന്നത്. പദ്ധതി പ്രകാരമുള്ള മുൻഗണനാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കണക്ഷനുകൾ നൽകിയതെന്ന ആക്ഷേപവുമുണ്ട്. തദ്ദേശഭരണ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടപ്പാക്കിയ പദ്ധതിയിൽ കിണറും മറ്റു സംവിധാനങ്ങളുമുള്ളവർക്കും അനർഹമായി കണക്ഷനുകൾ നൽകിയതായാണ് പരാതി.
കാശുമുടക്കണമെന്ന്
അധികാരികൾ
ജൽജീവൻ പദ്ധതിയിൽ കണക്ഷന് അപേക്ഷിച്ചിട്ട് 6 മാസത്തിലേറെയായി. ബി.പി.എൽ കാർഡ് ഉടമയാണ്. വീട്ടിൽ കിണറോ മറ്റു സംവിധാനങ്ങളോ ഇല്ല. പ്രദേശത്തെ പല വീടുകളിലും കിണറും പൈപ്പ് കണക്ഷനുമുണ്ട്. സൗജന്യകണക്ഷൻ കിട്ടാൻ വൈകുമെന്നും കാശുമുടക്കി കണക്ഷൻ എടുക്കാനുമാണ് അധികൃതർ പറയുന്നത്.
ഷമീന, സഫി മഡോസ്, എഴുവച്ചിറ
മുപ്പത്തടം പദ്ധതിയുടെ
ശേഷി വർദ്ധിപ്പിക്കണം
ജൽജീവൻ പദ്ധതിയിൽപ്പെടുത്തി ജലശുദ്ധീകരണ പദ്ധതികൾ നവീകരിക്കാനും പുതിയവ നടപ്പാക്കാനും കഴിയും. മുപ്പത്തടം പദ്ധതിയുടെ ശേഷി വർദ്ധിപ്പിക്കണം. കരുമാല്ലൂർ, കുന്നുകര പഞ്ചായത്തുകൾക്കായി വിഭാവനംചെയ്ത പദ്ധതി നടപ്പാക്കണം. ജലവിഭവവകുപ്പ് മന്ത്രി ഇതിന് നിർദ്ദേശം നൽകിയിട്ടും വാട്ടർ അതോറിറ്റി നടപടിയെടുക്കുന്നില്ല.
പി.എസ്. ജഗദീശൻ,
മുൻ പഞ്ചായത്ത് അംഗം ആലങ്ങാട്