മൂവാറ്റുപുഴ: കുടുംബപ്രശ്നങ്ങളെത്തുടർന്ന് മാറിത്താമസിച്ചിരുന്ന ഭാര്യയെ തൊഴിലിടത്തിലെത്തി ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. പായിപ്ര പാമ്പാക്കുടച്ചാലിൽ ഷെറീനയ്ക്കാണ് (44) കുത്തേറ്റത്. ഭർത്താവ് പായിപ്ര സ്വദേശി അലിയാണ് (47) കുത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടാറിലുള്ള മാസ് പ്ലൈവുഡ് കമ്പനിയിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കമ്പനിയിൽ എത്തിയ അലി ഷെറീനയെ കുത്തുകയായിരുന്നു. മറ്റ് തൊഴിലാളികൾ ബഹളംവച്ചതോടെ ഓടിരക്ഷപെട്ടു. ഷെറീനയെ ആദ്യം മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി ശസ്ത്രക്രിയ നടത്തി.