വൈപ്പിൻ: മൂന്നുവർഷംമുമ്പ് നിർമ്മാണം ആരംഭിച്ചെങ്കിലും പലവിധ കാരണങ്ങളാൽ മുടങ്ങിപ്പോയ പള്ളിപ്പുറം കോൺവെന്റ് ബീച്ച് പാലം നിർമ്മാണത്തിന് വീണ്ടും ജീവൻവെച്ചു. പള്ളിപ്പുറം തീരനിവാസികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ഈ പാലം. ഇതിനായി ഒട്ടേറെ സമരങ്ങളും നടത്തിയിരുന്നു. വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയിൽ കോൺവെന്റ് ജംഗ്ഷനിൽ നിന്ന് ബീച്ചിലേക്ക് പോകുന്ന ഭാഗത്ത് കായലിന് കുറുകെയാണ് പാലം.
പാലത്തിന് 2018ലാണ് 24.46 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുന്നത്. ഇതിനുപുറമേ മൂന്നുകോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനും അനുവദിച്ചു. 2019 ജനുവരി അഞ്ചിന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പാലത്തിന് ശിലയിട്ടു.
പണി ആരംഭിക്കുന്നതിനായുള്ള സാധനങ്ങൾ എത്തിക്കുന്നതിന് റോഡിന്റെ അഭാവം വലിയ പ്രശ്‌നം സൃഷ്ടിച്ചു. തുടർന്ന് പ്രദേശവാസികളുടെ സഹകരണത്തോടെ അത് പരിഹരിച്ചു. പ്രളയവും പിന്നീട് കൊവിഡ് വ്യാപനവുംമൂലം പണി നിർത്തിവെക്കേണ്ടിവന്നു. ഇപ്പോൾ വീണ്ടും പണി തുടങ്ങി. 30 തൊഴിലാളികളാണ് നിർമ്മാണപ്രവൃത്തിയിലുള്ളത്.
പ്രദേശവാസികളുടെ യാത്ര കടത്തുവള്ളത്തിൽ
കടൽത്തീരത്തെ താമസക്കാർക്ക് കിഴക്കേക്കരയിലെത്താൻ ആശ്രയം പഞ്ചായത്തിന്റെ കടത്തുവള്ളമാണ്. അവിടെയാണ് സ്‌കൂളുകളും ആശുപത്രികളും മറ്റും പ്രവർത്തിക്കുന്നത്. പ്രകൃതിക്ഷോഭമുള്ളപ്പോൾ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമാണ്. അല്ലെങ്കിൽ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് ചെറായി ബീച്ച് റോഡ് വഴിയോ മുനമ്പം വഴിയോ മാത്രമേ യാത്രചെയ്യാനാവൂ. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് സർക്കാർ പാലം നിർമാണത്തിന് ഫണ്ട് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല.
പാലത്തിന്റെ നീളം 266.5 മീറ്ററും വീതി 11 മീറ്ററുമാണ്. 7.50 മീറ്റർ വീതിയിൽ രണ്ടുനിര ഗതാഗതത്തിനുതകുന്ന പാതയും ഇരുവശങ്ങളിലും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. 65 മീറ്റർ നീളത്തിൽ പാലത്തിന്റെ കിഴക്കുവശത്തും പടിഞ്ഞാറുവശത്തും അപ്രോച്ച് റോഡുമുണ്ടാകും.
കെ. പി. മാത്യു ആൻഡ് കമ്പനിയാണ് പണി നടത്തുന്നത്. മൂന്നു ബീമുകൾ ഒരേസമയം വാർക്കാനാകും.