കോലഞ്ചേരി: അനധികൃതമായി നടക്കുന്ന പൊട്ടേപ്പാടം നികത്തൽ പ്രദേശത്ത് കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജും കൃഷി ഉദ്യോഗസ്ഥരും തെളിവെടുപ്പിനെത്തി. കൃഷിയോഗ്യമായിരുന്ന പാടത്ത് നടത്തുന്ന അനധികൃത കോൺക്രീറ്റ് നിർമ്മാണത്തിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് റവന്യൂ, കൃഷി, പൊലീസ് വകുപ്പുകൾക്ക് പലതവണ പരാതിയും നൽകിയിരുന്നു. മേൽനടപടികൾ ഉടൻ ഉണ്ടാകുമെന്ന് തഹസിൽദാർ ഉറപ്പ് നൽകി.
ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തുമ്പോഴും ഇവിടെ നിരവധി തൊഴിലാളികൾ നിർമ്മാണ പ്രവർത്തനങ്ങളിലായിരുന്നു. കോലഞ്ചേരി പ്രസ് ക്ളബ് സെക്രട്ടറി സനൂപ് കുട്ടൻ, അംഗം സി.എസ്. അജേഷ് എന്നിവർക്കെതിരെ ഭൂമാഫിയയുടെ കരാറുകാരൻ ഭീഷണിയുമായെത്തിയത് സംഘർഷത്തിനിടയാക്കി. തഹസിൽദാർക്കൊപ്പം പൂതൃക്ക കൃഷി ഓഫീസർ ജൊമിലി ജോസ്, കൃഷി അസിസ്റ്റന്റ് യു. അനിൽകുമാറും ഒപ്പമുണ്ടായിരുന്നു.