കൊച്ചി: എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കാഴ്ചശീവേലിയുടെ അവസാനദിനമായ ഇന്നലെ പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം അരങ്ങേറി. കുട്ടൻ മാരാരുടെ വിവാഹ വാർഷികവും ക്ഷേത്രത്തിൽ ആഘോഷിച്ചു.
തുടർന്ന് മാർഗി മധു ചാക്യാരുടെ കൂത്ത്, കലാമണ്ഡലം പ്രഭാകരൻ ഒരുക്കിയ ശീതങ്കൻ തുള്ളൽ എന്നിവ നടന്നു. ഇന്ന് തിരുവല്ല രാധാകൃഷ്ണന്റെ പ്രമാണത്തിൽ മേളവും ശീവേലിയും തുടർന്ന് ഉത്സവബലി ദർശനം, അക്ഷര ശ്ലോകം, സംഗീതാജ്ഞലി എന്നിവ നടക്കും. വൈകിട്ട് 4.30ന് മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറിയും എറണാകുളം മഠാധിപതിയുമായ പൂർണ അമൃതാനന്ദപുരി സ്വാമിക്ക് വിവിധ ഹിന്ദു സംഘടനകൾ ചേർന്ന് സ്വീകരണവും നൽകും. തുടർന്ന് അനുഗ്രഹപ്രഭാഷണം, ഭക്തിഗാനാമൃതം എന്നിവ നടക്കും. സോപാനലാസ്യം (മോഹിനിയാട്ട സംഗീത സമന്വയം), തായമ്പക, സോപാനസംഗീതം, പാഠകം, കുച്ചിപ്പുടി, സംഗീതക്കച്ചരി തുടർന്ന് രാത്രി പത്തിന് ചെറിയ വിളക്ക് എന്നിവയും നടക്കും.