
കളമശേരി: കിൻഫ്ര വ്യവസായ പാർക്കിലെ ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻസ് കമ്പനിയുടെ മൂന്ന് നില കെട്ടിടം ഇന്നലെ രാവിലെ 6 മണിയോടെയുണ്ടായ തീ പിടിത്തത്തിൽ പൂർണമായി കത്തി നശിച്ചു. കെട്ടിടവും ഉപകരണങ്ങളും അകത്ത് കിടന്നിരുന്ന വാഹനവും കത്തിനശിച്ചു. രണ്ടു പ്ലാന്റ് ജീവനക്കാരും ഒരു സെക്യൂരിറ്റി ജീവനക്കാരുമാണ് അപകട സമയം കെട്ടിടത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് അപകടമില്ല. ഏകദേശം 10 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റ് അംഗങ്ങൾ എത്തി ഉച്ചയോടെ തീ അണച്ചു. ഏലൂർ സ്റ്റേഷൻ ഓഫീസർ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
18 ജീവനക്കാരുള്ള കമ്പനി മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. സുഗന്ധവ്യഞ്ജനങ്ങളിൽ നിന്ന് സത്തെടുക്കുന്ന പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. ഇതിനായി ഈതൈൽ അസറ്റേറ്റ് എന്ന സോൾവെന്റ് ഉപയോഗിക്കുന്നുണ്ട്. ഇത് എളുപ്പത്തിൽ തീ പിടിക്കുന്ന വസ്തുവാണ്. കങ്ങരപ്പടിയിൽ താമസിക്കുന്ന തൃശൂർ സ്വദേശി രാമകൃഷ്ണനാണ് കമ്പനിയുടമ.
അഗ്നിശമന സേനയുടെ കാര്യക്ഷമമായ പ്രവർത്തനം തീപിടിത്തമുണ്ടായ കമ്പനിയോട് ചേർന്നുള്ള മൂന്നു കമ്പനികളിലേക്ക് തീ പടരാതെ തടഞ്ഞു. കെയ്റോൺ കമ്പനി, കൊവിഡ് ടെസ്റ്റ് നടത്തുന്ന യൂബയോ ടെക്നോളജി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ടാഗ് കെമിക്കൽസ് എന്നിവയാണ് സമീപത്തുള്ളത്.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത 65 ഓളം അനിശമന സേനാംഗങ്ങളെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കൈകാലുകൾക്ക് പൊള്ളലേറ്റും കണ്ണിലും ശരീരത്തിലും എരിച്ചിലും പുകച്ചിലുമായാണ് ഇവർ ആശുപത്രിയിൽ എത്തിയത്.
വ്യവസായ മന്ത്രി പി.രാജീവ്, മുൻ നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.നിഷാദ്, തൃക്കാക്കര പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ബേബി, കളമശേരി ഇൻസ്പെക്ടർ സന്തോഷ് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
കളമശേരി ബസ് ടെർമിനലിന് മുന്നിലുള്ള റോഡിൽ ടൈലുകൾ കുത്തിപ്പൊളിച്ച് റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നത് തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് പെട്ടെന്ന് എത്തിച്ചേരാൻ ഫയർ ഫോഴ്സ് വാഹനങ്ങൾക്ക് തടസമായി. വിവരമറിഞ്ഞെത്തിയ നാട്ടുകാരുടെയും മറ്റും വാഹനങ്ങൾ കൊണ്ട് റോഡും പരിസരവും നിറഞ്ഞതും അസൗകര്യം സൃഷ്ടിച്ചു.
മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
കിൻഫ്ര പാർക്കിലെ തീപിടിത്തം അണയ്ക്കാൻ ഫയർ ഫോഴ്സ് ശ്രമിക്കവേ രാവിലെ ഒമ്പതരയോടെ സീപോർട്ട്-എയർപോർട്ട് റോഡിൽ കൈപ്പട മുകൾ ഭാഗത്ത് എച്ച്.എം.ടി.കമ്പനിയുടെ അധീനതയിലുള്ള സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. മെട്രോ യാർഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായ് നൽകിയിരുന്ന ഭൂമിയാണിത്. പ്രവർത്തനങ്ങൾ കഴിഞ്ഞപ്പോൾ കമ്പനി താഴിട്ട് ഗേറ്റ് പൂട്ടിയെങ്കിലും പൂട്ട് തകർത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാണ്. ബെഡ് അപ്ഹോൾസ്റ്ററി വർക്കിനും മറ്റും ഉപയോഗിക്കുന്ന സാധനങ്ങൾക്ക് തീ പിടിച്ചതിനെ തുടർന്ന് രൂക്ഷമായ ദുർഗന്ധവും കടുത്ത പുകയും ഉയർന്നത് ജനങ്ങളെ വലച്ചു. ഫയർ ഫോഴ്സ് തീയണച്ചു.