
കൊച്ചി: പുന:നിർമ്മാണം പൂർത്തിയായി മൂന്നുമാസം കഴിഞ്ഞിട്ടും വൈറ്റില കുന്നറ പാർക്ക് തുറക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വിവിധ റൈഡുകൾ, ഓപ്പൺ എയർ സ്റ്റേജ്, സൗണ്ട് സിസ്റ്റം, അലങ്കാരവിളക്കുകൾ, ഇരിപ്പിടങ്ങൾ, ശൗചാലയം തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കി പാർക്ക് ഭംഗിയായി നവീകരിച്ചത് കെ.എം.ആർ. എൽ ആണ്. 90 സെന്റ് സ്ഥലം മെട്രോ നിർമ്മാണത്തിനായി കെ.എം.ആർ.എല്ലിന് വിട്ടുകൊടുത്തതോടെ പാർക്ക് 60 സെന്റിലേക്ക് ഒതുങ്ങി.രണ്ടര കോടി രൂപ ചെലവിലാണ് നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പാർക്ക് കൊച്ചി കോർപ്പറേഷന് കൈമാറുമെന്ന് അറിയിച്ചെങ്കിലും ഉദ്ഘാടനം നടക്കാത്തതിനാൽ ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല.