
കൊച്ചി: കൊവിഡ് കാലത്ത് മാതാപിതാക്കൾക്കും പ്രധാന അദ്ധ്യാപകർക്കും ഇരുട്ടടിയായി സ്കൂളുകളിലെ സ്റ്റാമ്പ് കച്ചവടം. ജില്ലയിലെ സ്കൂളുകളിൽ വിതരണത്തിനായുള്ള സ്റ്റാമ്പുകളെത്തിക്കഴിഞ്ഞു. കൊവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ടു വർഷവും സ്റ്റാമ്പുകൾ വിതരണം ഉണ്ടായിരുന്നില്ല.വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നിദ്ദേശ പ്രകാരമാണ് ഓരോ ജില്ലയിലേക്കും സ്റ്റാമ്പുകൾ അയക്കുന്നത്.
2020-21 വർഷത്തെ സ്റ്റാമ്പാണ് ഈ വർഷം എത്തിയത്. തലേവർഷത്തെ സ്റ്റാമ്പാണ് വിൽക്കാറ് പതിവ്. ആരോരുമില്ലാത്ത കുട്ടികൾക്കുള്ള സഹായത്തിനായി ശിശുക്ഷേമ സമിതി പുറത്തിറക്കിയ സ്റ്റാമ്പുകളാണിവ. എൽ.പി മുതൽ ഹൈസ്കൂൾതലം വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് വിതരണം. സ്റ്റാമ്പുകൾ അതത് ഡി.ഇ.ഒ ഓഫീസുകളിൽ എത്തിയിട്ടുണ്ട്. ഇവിടെ നിന്നും പ്രധാന അദ്ധ്യാപകർക്ക് നൽകും. പണം പിരിച്ച് സ്റ്രാമ്പ് വിതരണം ചെയ്യുന്നത് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ഒരു സ്റ്റാമ്പിന് 15 രൂപ
ഒരു സ്റ്രാമ്പിന് 15 രൂപയാണ് ഈടാക്കുന്നത്. എല്ലാ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ഈ സ്റ്റാമ്പുകൾ വാങ്ങാം. അദ്ധ്യാപകർക്ക് സ്റ്റാമ്പുകൾ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കുട്ടികളിൽ നിന്നും നിർബന്ധപൂർവം പണം വാങ്ങാനും പറ്റില്ല. പണം നൽകിയില്ലെങ്കിൽ പ്രധാന അദ്ധ്യാപകർ ഈ തുക നൽകണം. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് തുക തങ്ങളുടെ പോക്കറ്റിൽ നിന്നും പോകുമെന്നും അദ്ധ്യാപകർ പറയുന്നു.
"വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് സ്റ്റാമ്പുകൾ എത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിതരണം എങ്ങനെയാണെന്നുള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിതരണം നിറുത്തുവാൻ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടില്ല. "
ഹണി.ജി. അലക്സാണ്ടർ
വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ
"കൊവിഡ് കാലത്ത് കഷ്ടത അനുഭവിക്കുന്ന മാതാപിതാക്കളെ ബുദ്ധിമുട്ടിച്ച് സ്റ്റാമ്പ് വിതരണം ചെയ്യാൻ അനുവദിക്കില്ല. പ്രധാന അദ്ധ്യാപകർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കുട്ടികളുടെ പക്കൽ നിന്നും നിർബന്ധിച്ച് പണപ്പിരിവ് നടത്താൻ സാധിക്കില്ല. സ്റ്റാമ്പ് വിതരണവുമായി മുമ്പോട്ട് പോയാൽ ഹൈക്കോടതിയെ സമീപിക്കുന്നതടക്കമുള്ള തീരുമാനമെടുക്കും."
സി. പ്രദീപ്
സംസ്ഥാന ജനറൽ സെക്രട്ടറി
കെ.പി.എസ്.ടി.എ