
കോതമംഗലം: എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ താമസിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ ഊരുകളിൽ ഇത് ചാമിയൂട്ടിന്റെ കാലം. മലദൈവങ്ങളുടെ പ്രീതിക്കായും ആണ്ടു മുഴുവനും കുടികളിൽ സമൃദ്ധിയുണ്ടാവാനും രോഗനിവാരണത്തിനും വേണ്ടി ആദിവാസികൾ ദൈവത്തിന് നിവേദ്യം നൽകുന്ന ചടങ്ങാണ് ചാമിയൂട്ട് ഉത്സവം.
നോമ്പുനോറ്റ് താത്കാലികമായി കെട്ടിയുണ്ടാക്കുന്ന അമ്പലത്തിൽ പുറംലോകത്തിന്റെ പകിട്ടുകളില്ലാതെയാണ് ചാമിയൂട്ട് ഉത്സവം. ആണി പൂജയും, മാട്ടു പൊങ്കലും, തപ്പാം കൊട്ടും, കരക നൃത്തവും പാരമ്പര്യ തനിമ ചോരാതെ മൺ തറയിലാടും. സ്ത്രീകളും പ്രായം ചെന്നവരും ഒരേ മനസോടെ പങ്കാളികളായി ചാമിയൂട്ട് കെങ്കേമമാക്കും. കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചുപാറ, കുഞ്ചിപ്പാറ, വാര്യം, വെള്ളാരം കുത്ത്, ഉറിയംപെട്ടി കുടികളിൽ ചാമിയൂട്ട് നടന്നു കഴിഞ്ഞു. മീൻകുളം, തേരകുടികളിൽ നടക്കാനിരിക്കുന്നു. ചാമിയൂട്ട് നടക്കുന്ന കുടികളിലേക്ക് മറ്റുകുടികളിൽ നിന്നും ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ എത്തും.
ഒത്തുകൂടി, ഒന്നിച്ചു ഭക്ഷിച്ച്, ഉറക്കമിളച്ച് പാട്ടും നൃത്തവുമായി ആഘോഷമാക്കുമ്പോൾ ഓരോ കുടികളിൽ നിന്നുള്ളവർക്കും നാലുദിക്കു വാഴും മലദൈവങ്ങൾ അനുഗ്രഹം നൽകുമെന്ന് ഇവർ വിശ്വസിക്കുന്നു.
പരമ്പരാഗത വേഷമണിഞ്ഞ് വാദ്യമേളങ്ങളോടെയാണ് ചടങ്ങുകൾ ചാമിത്തറയിൽ നടത്തുന്നത്. ഉത്സവത്തിനെത്തുന്നവരെ ആവേശഭരിതരാക്കി നിറുത്താൻ രാപ്പകൽ കോമാളികൾ രംഗത്തുണ്ടാകും. പ്രധാന കാർമ്മിയുടെ നേതൃത്വത്തിൽ ചിട്ടയോടെയാണ് ചാമിയൂട്ട്. മരം കോച്ചുന്ന മലമുകളിലെ മഞ്ഞ് വീണ തറയിൽ ദീപം അണയുന്നതോടെ ചാമിയൂട്ട് സമാപിക്കും.