churuli

കൊച്ചി: സിനിമയിലെ കഥാപാത്രങ്ങളുടെ ഭാഷ സംവിധായകന്റെ വിവേചനാധികാരമാണെന്നും മാന്യമായ ഭാഷയിലേ സംസാരിക്കാവൂ എന്ന് ആർക്കും നിർദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളി സിനിമയിൽ നിയന്ത്രണമില്ലാതെ തെറി ഉപയോഗിക്കുന്നുണ്ടെന്നും ചിത്രം ഒ.ടി.ടി പ്ളാറ്റ്ഫോമിൽ നിന്ന് നീക്കണമെന്നുമാവശ്യപ്പെട്ട് തൃശൂർ സ്വദേശി അഡ്വ. പെഗ്‌ഗി ഫെൻ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ പരാമർശം.

സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ പൊലീസിന് കടമയുണ്ട്. ഇതു സംബന്ധിച്ചു പരാതികളുണ്ടെങ്കിൽ നടപടിയെടുക്കാൻ ഡി.ജി.പി നിർദ്ദേശം നൽകണം. പബ്ളിസിറ്റിക്കു വേണ്ടിയുള്ള ഹർജിയാണിത്. പിഴ ചുമത്തേണ്ട കേസാണിതെന്നും അതിനു മുതിരുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.