പറവൂർ: ഭൂമിയുടെ തരംമാറ്റൽ നടപടിക്കായി സമർപ്പിച്ച അപേക്ഷകളിൽ ഡേറ്റാബാങ്കിൽ ഉൾപ്പെടാത്തവ തീർപ്പുകൽപ്പിക്കാനുള്ള കാലതാമസം ഒഴിവാക്കണമെന്ന് മുസ്ലിംലീഗ് പറവൂർ നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. സർക്കാരിന്റെ നയവും ഉദ്യോഗസ്ഥരുടെ അലസതയുംമൂലം ആയിരക്കണക്കിന് അപേക്ഷകളാണ് ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിൽ കെട്ടിക്കിടക്കുന്നത്. രേഖകളിൽപ്പോലും കൃഷിഭൂമിയില്ലാത്ത വടക്കേക്കരയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളി ഭൂമി തരംമാറ്റാൻ അപേക്ഷനൽകിയിട്ടും തീർപ്പാകാത്തതിനാൽ ആത്മഹത്യ ചെയ്യേണ്ടിവന്നത് ഖേദകരമാണെന്നും യോഗം വിലയിരുത്തി. എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ. ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.ഇ. അബ്ദുൽ ഗഫൂർ, പി.കെ. ജലീൽ, ടി.എം. അബ്ബാസ്, പി.എ. അഹമ്മദ് കബീർ, കെ.എ. അബ്ദുൽ കരിം തുടങ്ങിയവർ സംസാരിച്ചു.