പറവൂർ: കേന്ദ്രസർക്കാരിന്റെ കൈത്തറി മേഖലയോടുള്ള അവഗണനയും ബഡ്ജറ്റിലെ കൈയൊഴിയലും പരമ്പരാഗത വ്യവസായത്തോടുള്ള നിലപാടും കൈത്തറി മേഖലയെ ദോഷകരമായി ബാധിക്കുന്നു. സ്റ്റോക്കുകൾ വിറ്റഴിക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്നതാണ് സംഘങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. രണ്ട് വർഷങ്ങളിലായി വിവിധ ഉത്സവ സീസണുകൾക്കുവേണ്ടി നെയ്ത തുണിത്തരങ്ങൾ വിറ്റഴിക്കാനാകുന്നില്ല. വിപണനമേളകൾ നടക്കാത്തത് തിരിച്ചടിയാണ്. കൈത്തറി വ്യവസായത്തെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നാണ് തൊഴിലാളി സംഘങ്ങളുടെ ആവശ്യം. നൂൽ ഉൾപ്പെടെയുള്ള ഉത്പാദന വസ്തുക്കളുടെ വിലക്കയറ്റവും കൈത്തറിയെ പ്രതികൂലമായി ബാധിച്ചു. കേന്ദ്ര കൊവിഡ് പാക്കേജിൽ മേഖല നേരിടുന്ന അവസ്ഥ മറികടക്കാൻ പ്രഖ്യാപനം ഉണ്ടായില്ല. കേരളത്തിൽ ഈ മേഖലയെ ആശ്രയിച്ച് 30,000 കുടുംബങ്ങൾ കഴിയുന്നു. ഹാൻടെക്സിലും ഹാൻവീവിലും കേരളത്തിലെ അഞ്ഞൂറിലേറെ കൈത്തറി സംഘങ്ങളിലുമായി രണ്ടായിരത്തിൽപരം ജീവനക്കാരുമുണ്ട്. കൈത്തറി മേഖലയെ സഹായിക്കാൻ കേന്ദ്രസർക്കാർ തുക വകയിരുത്തണമെന്നാണ് പ്രധാന ആവശ്യം. രണ്ട് വർഷമായി സ്കൂളുകൾ കൃത്യമായി തുറന്നുപ്രവർത്തിക്കാൻ കഴിയാത്തതിനാൽ യൂണിഫോമിനായി നെയ്ത പത്തുലക്ഷം മീറ്റർ തുണിത്തരങ്ങൾ സംസ്ഥാനത്തെ വിവിധ സംഘങ്ങളിലായി കെട്ടിക്കിടക്കുകയാണ്.