കൊച്ചി : നഗരത്തിലെ വിദ്യാർത്ഥികൾക്ക് ഇനി അത്യാധുനിക ലാബുകളിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്താം. കണക്കിലെ സങ്കീർണ്ണമായ കുരുക്കുകൾ അഴിക്കാം. കൊച്ചി കോർപ്പറേഷന്റെ കീഴിലുള്ള രണ്ടു സ്കൂളുകളിൽ അത്യാധുനിക സയൻസ്-ഗണിത ലാബുകൾ വരുന്നു. ഫോർട്ടുകൊച്ചി എഡ്വേർഡ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ, ഇടപ്പള്ളി കുന്നുംപുറം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി കോർപ്പറേഷൻ ലാബ് ഒരുക്കുന്നത്. ജനകീയാസൂത്രണ പദ്ധതിയിൽ നിന്ന് ഇതിനായി രണ്ടകോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓരോ ലാബിനും ഒരു കോടി രൂപ ചെലവാക്കും. അടുത്തമാസത്തോടെ സ്‌കൂളുകളിൽ ലാബ് യാഥാർത്ഥ്യമാകും.അത്യാധുനിക ഉപകരണങ്ങളും സൗകര്യങ്ങളുമുള്ള ഈ ലാബുകൾ 1500 ഓളം വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും. ഫോർട്ടുകൊച്ചി എഡ്വേർഡ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ, ഇടപ്പള്ളി കുന്നുംപുറം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ നിലവിലുള്ള ലാബുകൾ ശോചനീയാവസ്ഥയിലായതിനാലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

 കാലതാമസം ഒഴിവാക്കും

ലാബ് ഒരുക്കാനായി സർക്കാർ ഏജൻസിയെ ചുമതലപ്പെടുത്താനാണ് കോർപ്പറേഷന്റെ തീരുമാനം. സ്വകാര്യ ഏജൻസിയെ ഏല്പിച്ചാൽ ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കാലതാമസമുണ്ടാകും. ഇതൊഴിവാക്കാനാണ് സർക്കാർ ഏജൻസികളെ സമീപിക്കുന്നത്. കാഡ്‌കോ, കിഡ്‌കോ എന്നിവയുമായി ഇതുസംബന്ധിച്ച ചർച്ച നടത്തികഴിഞ്ഞു.

 നിലവിലുള്ള ലാബുകളേക്കാൾ സൗകര്യം

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ലാബുകളേക്കാൾ മികച്ച സൗകര്യങ്ങളുള്ള ലാബ് സജ്ജീകരിക്കുകയാണ് ലക്ഷ്യം. രണ്ടു സ്കൂളുകളിലും ലാബ് സ്ഥാപിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ട്. ഇവിടേക്കായി അത്യാധുനിക ഉപകരണങ്ങളും ഫർണീച്ചറുകളുമാണ് വാങ്ങാനുള്ളത്. ക്ലാസ് മുറി ലാബാക്കി മാറ്റുന്നതിനാവശ്യമായ ലൈറ്റ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ചെലവുകളും കോർപ്പറേഷൻ വഹിക്കും . അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യത്തിൽ ലാബുകളുടെ ഏകദേശ രൂപരേഖ ഇന്ന് (വെള്ളി) സ്കൂളുകളിൽ നടക്കുന്ന യോഗത്തിൽ അവതരിപ്പിക്കും. തുടർന്നു നടക്കുന്ന ചർച്ചയിൽ നിന്നുയർന്നു വരുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് മുന്നോട്ടുനീങ്ങും

വി.എ.ശ്രീജിത്ത്

വിദ്യാഭ്യാസ സ്ഥിരം സമിതി ചെയമാൻ