മൂവാറ്റുപുഴ: പതിറ്റാണ്ടുകളായി തുടരുന്ന ആവശ്യത്തിനൊടുവിൽ കിഴക്കേക്കര കുടിവെള്ളപദ്ധതിക്ക് ശിലയിട്ടു.
പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നഗരസഭ ചെയർമാൻ പി.പി. എൽദോസ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി മുണ്ടാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോസ് കുര്യാക്കോസ്, രാജശ്രീ രാജു, നിസ അഷ്റഫ്, പ്രതിപക്ഷനേതാവ് ആർ. രാകേഷ്, മുനിസിപ്പൽ സെക്രട്ടറി ആരിഫ് മുഹമ്മദ് ഖാൻ, കൗൺസിലർമാരായ ജോയ്സ് മേരി ആന്റണി, പ്രമീള ഗിരീഷ്‌കുമാർ, ജിനു മടേക്കൽ, സെബി .കെ.സണ്ണി, സുധ രഘുനാഥ്, മുൻ കൗൺസിലർമാരായ ബി എൻ ശശി, അബ്ദുൽസലാം തുടങ്ങിയവർ പങ്കെടുത്തു.
ജലക്ഷാമം അനുഭവിക്കുന്ന ഇവിടെ കിണർ താഴ്ത്തിയാൽ വേനൽക്കാലത്ത് വെള്ളം ലഭിക്കുമോയെന്ന ആശങ്ക നിലനിന്നിരുന്നു. പദ്ധതിക്കായി നഗരസഭ തുക നീക്കിവെച്ചതിന് പിന്നാലെ ജലലഭ്യത ഉറപ്പുവരുത്തുകയായിരുന്നു. ഇതിനായി ഭൂഗർഭജല അതോറിറ്റിക്ക് അപേക്ഷ നൽകി ഉന്നതതല സംഘത്തെ എത്തിച്ച് കിണറിന് സ്ഥാനംകണ്ടു. ഉദ്യോഗസ്ഥസംഘത്തിന്റെ നിർദ്ദേശപ്രകാരം എട്ടുമീറ്റർ ആഴത്തിൽ കിണർ താഴ്ത്തുകയും വെള്ളം കണ്ടെത്തുകയും ചെയ്തു. എട്ടു മീറ്റർ ആഴത്തിൽ എത്തിയതോടെ വലിയ കരിങ്കൽപ്പാറ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീണ്ടും ഉദ്യോഗസ്ഥരെ വരുത്തി ജലലഭ്യതാ പരിശോധന നടത്തി. പാറ പൊട്ടിച്ചുനീക്കിയാൽ ആവശ്യത്തിന് വെള്ളം ലഭിക്കുമെന്ന് സംഘം ഉറപ്പുനൽകിയതോടെയാണ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചത്. 55 ലക്ഷം രൂപചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. 150 വീടുകളിലേക്ക് ശുദ്ധജലം എത്തിക്കാനാകും. ഇതിനായി കിണറിനുപുറമേ ജലസംഭരണിയും നിർമ്മിക്കും. ഓരോ വീട്ടിലേക്കും ലൈൻ വലിച്ച് കുടിവെള്ളം എത്തിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തുടർ പ്രവർത്തനങ്ങൾക്കായി ഗുണഭോക്ത സമിതിക്കും രൂപംനൽകും. നിശ്ചിതതുക ഉപഭോക്താക്കളിൽനിന്ന് ഈടാക്കി പദ്ധതിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ തുക കണ്ടെത്തും. വാർഡ് കൗൺസിലർ അജി മുണ്ടാട്ടിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.