 
ഫോർട്ട്കൊച്ചി: യാത്രാബോട്ടിൽ മറന്നുവച്ച രണ്ടു ലക്ഷം രൂപയടങ്ങിയ ബാഗ് സുരക്ഷിതമായി തിരിച്ചു നൽകിയ ബോട്ട് ജീവനക്കാർക്ക് നന്ദി പറഞ്ഞ് വയനാട് സ്വദേശികളായ കുടുംബം. ഇന്നലെ ഉച്ചക്ക് 2 മണിയോടെ എഫ്.സി. 2 ബോട്ടിൽ എറണാകുളത്തു നിന്ന് ഫോർട്ട്കൊച്ചിയിലെത്തിയ സക്കീനയും കുടുംബവും ബോട്ടിറങ്ങി ഫോർട്ടുകൊച്ചി ബീച്ചിലേക്ക് പോയി. പിന്നീടാണ് ബാഗ് നഷ്ടപ്പെട്ടതായി അറിയുന്നത്. പരാതി നൽകാനായി ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പണമടങ്ങിയ ബാഗ് ബോട്ട്ജെട്ടിയിൽ ലഭിച്ചിട്ടുണ്ടെന്ന് അതുവഴി ബൈക്കിൽ വന്ന ഒരാൾ അറിയിച്ചു. തുടർന്ന് പരാതി നൽകേണ്ടെന്ന് തീരുമാനിച്ച് ബോട്ട്ജെട്ടിയിലെത്തി ബോട്ട് മാസ്റ്റർ പ്രസാദിനെ കണ്ടു. ബോട്ട് ഡ്രൈവർ അംബരീഷിന് ലഭിച്ച ബാഗ് സുരക്ഷിതമായി ഇരിപ്പുണ്ടെന്ന് പ്രസാദ് അറിയിച്ചു. സക്കീനയും കുടുംബവും ബോട്ട് ജെട്ടിയിൽ എത്തി പണമടങ്ങിയ ബാഗ് കൈപ്പറ്റി, ജീവനക്കാർക്ക് നന്ദി പറഞ്ഞ് മടങ്ങി.