k-rail
കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ഡോൺ ബോസ്കോക്ക് സമീപം കെ. റെയിൽ സർവ്വേ നടപടികൾക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുന്നു

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ സർവ്വേ നടപടികൾക്കെത്തിയ കെ. റെയിൽ - റവന്യൂ ഉദ്യോഗസ്ഥർ നാട്ടുകാരുടെ മണിക്കൂറുകൾ നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ മടങ്ങിപ്പോയി. സർവ്വേ നടപടികളുടെ ഭാഗമായി കുഴിച്ചിടാൻ കൊണ്ടുവന്ന സർവ്വേക്കല്ലുകൾ തിരികെ കയറ്റിവിട്ടു.

ഇന്നലെ രാവിലെ 11 മണിയോടെ ആരംഭിച്ച പ്രതിഷേധം വൈകിട്ട് നാലരയോടെയാണ് അവസാനിച്ചത്. എട്ടാംവാർഡിൽ ഡോൺബോസ്കോയ്ക്ക് സമീപം ആലപ്പുഴ സ്വദേശി എം.സി. ജോണിന്റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലാണ് സർവ്വേയും കല്ലിടലും രാവിലെയാരംഭിച്ചത്. താരതമ്യേന ജനവാസം കുറഞ്ഞ ഇവിടെ റോഡിന് ഇരുവശവുമായി 155 ഏക്കറോളമുണ്ട് റബ്ബർതോട്ടം. നാട്ടുകാരെത്തി പ്രതിഷേധിച്ചപ്പോൾ ഉടമയുടെ അനുമതിയോടെയാണ് സർവ്വേയെന്നായിരുന്നു കെ റെയിൽ അധികൃതരുടെ വിശദീകരണം. സർവ്വേ നടത്താമെന്നും കല്ലിടൽ അനുവദിക്കില്ലെന്നും നാട്ടുകാർ നിലപാട് സ്വീകരിച്ചെങ്കിലും കെ. റെയിൽ അധികൃതർ വഴങ്ങിയില്ല.

സംഭവമറിഞ്ഞ എടത്തല സി.ഐ പി.ജെ. നോബിളിന്റെ നേതൃത്വത്തിൽ പൊലീസും ദ്രുതകർമ്മ സേനയും സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാർ പിൻമാറിയില്ല. സർവ്വേയുമായി മുന്നോട്ട് പോകണമെന്ന് കെ. റെയിൽ അധികൃതർക്ക് നിർദ്ദേശം ലഭിച്ചതിനെത്തുടർന്ന് മൂന്ന് മണിയോടെ പി.ഡബ് ള്യു.ഡി റോഡിൽ സർവ്വേ ആരംഭിക്കാൻ ശ്രമിച്ചപ്പോഴും കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നു. ഇതിനിടയിൽ സമരക്കാരറിയാതെ സർവ്വേക്കല്ലുമായി വാഹനം റബ്ബർ തോട്ടത്തിലെത്തിച്ച് വീണ്ടും കല്ലിടൽ നീക്കം നടത്തിയതോടെ നാട്ടുകാർ പ്രകോപിതരായി. ഇതോടെ ഇറക്കിയ സർവ്വേക്കല്ലുകൾ തിരികെക്കയറ്റി വീണ്ടും വാഹനം പുറത്തേക്ക് വിട്ടു. നാട്ടുകാർക്ക് മുമ്പിൽ പിടിച്ചുനിൽക്കാനാകാതെ കെ. റെയിൽ - റവന്യൂ ഉദ്യോഗസ്ഥർ, കരാർ തൊഴിലാളികൾ എന്നിവർ മടങ്ങുകയായിരുന്നു.

സമരസമിതി നേതാക്കളായ എ.എൻ. രാജൻ, കെ.പി. സാൽവിൻ, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് തോപ്പിൽ അബു, വൈസ് പ്രസിഡന്റ് പി.എ. മുജീബ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, വൈസ് പ്രസിഡന്റ് കെ.എ. റെജി, വെൽഫെയർ പാർട്ടി നേതാവ് കരീം കല്ലുങ്കൽ, എസ്.ഡി.പി.ഐ നേതാവ് റഷീദ് എടയപ്പുറം, വിവിധ കക്ഷി നേതാക്കളായ ജോണി ക്രിസ്റ്റഫർ, താഹിർ കുട്ടമശേരി, വില്യം ആലത്തറ, നവാസ് ചെന്താര, അമൽ ജോയി, എം.യു. ഗോപുകൃഷ്ണൻ, ലിജേഷ് വിജയൻ, എം.കെ. രാജീവ്, ബിനു ഡേവിഡ് എന്നിവർ നേതൃത്വം നൽകി.