കൊച്ചി: വടക്കൻപറവൂരിൽ 2004ൽ സ്ഥാപിച്ച മൊബൈൽടവറിന്റെ ഘടനാപരമായ ഉറപ്പിനെക്കുറിച്ച് പരിശോധന നടത്തി ടവർ അപകടാവസ്ഥയിലാണെന്ന് ബോദ്ധ്യപ്പെട്ടാൽ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 200അടി ഉയരത്തിലുള്ള ടവർ ജീർണ്ണാവസ്ഥയിലാണെന്ന് പരാതിപ്പെട്ട് പ്രദേശവാസി ജോളി വർഗ്ഗീസ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്.
നഗരസഭാ സെക്രട്ടറിയിൽനിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ആറാംവാർഡിൽ എ.ടി.സി കോർപ്പറേഷൻ സ്ഥാപിച്ച ടവറിന്റെ കാലാവധി 2019ൽ അവസാനിച്ചതാണ്. 2016-17വരെ ടവറിന് കരം അടച്ചിട്ടുണ്ടെന്നും പിന്നീട് കരം ഒടുക്കിയിട്ടില്ലെന്നുമാണ് റിപ്പോർട്ട്. ടവർ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ടവറും പരിസരവും കാടുകയറി അപകടാവസ്ഥയിലാണ്. ടവറിന്റെ ഘടനാപരമായ ഉറപ്പ് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഉടമയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.
2021 മേയ് 28നാണ് നഗരസഭാ സെക്രട്ടറി കമ്മീഷനിൽ റിപ്പോർട്ട് നൽകിയത്. 2022 ജനുവരി 12വരെ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കമ്മീഷൻ വിലയിരുത്തി. ടവർ ജീർണ്ണാവസ്ഥയിലാണെന്ന പരാതിക്കാരിയുടെ ആരോപണം റിപ്പോർട്ടിൽ നിഷേധിച്ചിട്ടില്ല. 2017നുശേഷം കരം അടച്ചിട്ടില്ലെന്ന് വ്യക്തമാണ്. പരാതിക്കാരി ഉൾപ്പെടെയുള്ള സമീപവാസികളുടെ ആശങ്ക കണക്കിലെടുത്ത് പരിഹാരം കാണാൻ നഗരസഭ നടപടിയെടുക്കേണ്ടതായിരുന്നു.