മൂവാറ്റുപുഴ : രാജ്യത്തെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ പട്ടിണിയകറ്റാൻ 2005ൽ ഒന്നാം യു.പി.എ സർക്കാർ കൊണ്ടുവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ നരേന്ദ്രമോദി സർക്കാർ ദയാവധത്തിന് വിധേയമാക്കിയിരിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ലോക് സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിൽ ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ബാങ്കുകൾ ജപ്തി നടപടികളുമായി ഇടപാടുകാരെ പ്രതിസന്ധിയിലാക്കുകയാണ്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് കേരളത്തിൽ 6 മാസമായി കൂലി ലഭിക്കുന്നില്ല. ഈ പദ്ധതിക്കുള്ള തുക വകയിരുത്തൽ ബഡ്ജറ്റിൽ കുറച്ചത് പദ്ധതിയോടുള്ള സർക്കാരിന്റെ ചിറ്റമ്മനയം വ്യക്തമാക്കുന്നു. ഉടനടി തൊഴിലാളികൾക്കുള്ള ദിവസവേതനം വിതരണം ചെയ്യണമെന്നും എം.പി ആവശ്യപ്പെട്ടു.