
കൊച്ചി: രാസവസ്തുക്കൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന വ്യവസായങ്ങളുടെ കേന്ദ്രമായ എറണാകുളത്തെ സർക്കാർ മെഡിക്കൽ കോളേജിൽ പൊള്ളൽ ചികിത്സാ സൗകര്യം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതാണ് കളമശേരി കിൻഫ്ര പാർക്കിലെ വ്യവസായസ്ഥാപനത്തിലുണ്ടായ തീപ്പിടുത്തം. തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 52 പേർക്കാണ് പരിക്കേറ്റത്. തൊട്ടടുത്ത മെഡിക്കൽ കോളേജിലെ പരിമിതമായ സൗകര്യത്തിലാണ് ഇവർക്ക് ചികിത്സ ഒരുക്കിയത്.
എറണാകുളത്ത് ഒഴികെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ മെഡിക്കൽ കോളേജുകളിലും വിപുലമായ പൊള്ളൽ ചികിത്സാസൗകര്യമുണ്ട്. എറണാകുളത്ത് നാമമാത്രമായ സൗകര്യം മാത്രം. കോട്ടയം മെഡിക്കൽ കോളേജിൽ ഈയിടെ വിപുലമായ ബേൺ ക്ളിനിക് ആരംഭിച്ചിരുന്നു. എറണാകുളത്ത് നിന്ന് ബേൺ ക്ളിനിക് ആരംഭിക്കുന്നത് സംബന്ധിച്ച് ശുപാർശ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിലെ ഉന്നതവൃത്തങ്ങൾ പറയുന്നത്. മുമ്പ് എറണാകുളം ജനറൽ ആശുപത്രിയിൽ പൊള്ളൽ ചികിത്സയ്ക്ക് പ്രത്യേക കേന്ദ്രം പ്രവർത്തിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജന്റെ സ്‌മരണയ്ക്ക് ആരംഭിച്ച യൂണിറ്റ് പിന്നീട് ഇല്ലാതായി.
എറണാകുളം മെഡിക്കൽ കോളേജിന് സമീപമാണ് കഴിഞ്ഞ ദിവസം കമ്പനിക്ക് തീ പിടിച്ചത്. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്നതിനാൽ തീ ആളിപ്പടരുകയായിരുന്നു. കെടുത്താൻ ദീർഘനേരത്തെ ശ്രമം വേണ്ടിവന്നു. നിരവധി ഫയർ ഫോഴ്സ് യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്. അതിനിടെയാണ് ഉദ്യോഗസ്ഥർക്കുൾപ്പെടെ പരിക്കേറ്റത്. കടുത്ത ചൂടുമൂലം പൊള്ളൽ പോലെ പരിക്കാണുണ്ടായത്. ചെറിയ പൊള്ളലായതിനാൽ മെഡിക്കൽ കോളേജിൽ ചികിത്സിക്കാൻ കഴിഞ്ഞു. അല്ലെങ്കിൽ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നേനെ.
 പ്ളാസ്റ്റിക് സർജനില്ല
ഏലൂർ, ആലുവ, കളമശേരി, ഇരുമ്പനം മേഖലകളിൽ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന നിരവധി വ്യവസായങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അപകടസാദ്ധ്യത ഏറെയുള്ളതാണ് ഇവ. എവിടെയെങ്കിലും അപകടമുണ്ടായാൽ പൊള്ളലായിരിക്കും ഏറ്റവും ഗുരുതരമായുണ്ടാകാവുന്ന പരിക്ക്. പൊള്ളൽ ചികിത്സാവിഭാഗത്തിൽ അനിവാര്യമായ പ്ളാസ്റ്റിക് സർജൻ എറണാകുളത്തില്ല. ഈ സാഹചര്യത്തിൽ എറണാകുളം മെഡിക്കൽ കോളേജിലും പൊള്ളൽ ചികിത്സയ്ക്ക് വിപുലമായ സൗകര്യം ഒരുക്കണമെന്നാണ് ആവശ്യമുയർന്നത്.
 എറണാകുളത്ത് ഒന്നും നടന്നില്ല
കൊല്ലം ജില്ലയിലെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ടപകടത്തിൽ നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തപ്പോൾ പൊള്ളലിന് ചികിത്സാസൗകര്യം എല്ലാ മെഡിക്കൽ കോളേജുകളിലും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. മെട്രോ നഗരമായ കൊച്ചിയിൽ കൊച്ചി റിഫൈനറി, ഫാക്ട്, ഐ.ഒ.സി പോലുള്ള വൻകിട വ്യവസായങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ എറണാകുളം മെഡിക്കൽ കോളേജിലും പൊള്ളൽ ചികിത്സാസൗകര്യം ഒരുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. തുടർനടപടികൾ നിർദ്ദേശിച്ച് സംസ്ഥാന സർക്കാരിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിവേദനം കൈമാറി. കോട്ടയം മെഡിക്കൽ കോളേജിലുൾപ്പെടെ സൗകര്യങ്ങൾ വർദ്ധിപ്പിച്ചെങ്കിലും എറണാകുളത്ത് ഒന്നും നടന്നില്ല.
 കളമശേരി കിൻഫ്ര പാർക്കിലെ വ്യവസായസ്ഥാപനത്തിലുണ്ടായ തീപ്പിടുത്തത്തിൽ പരിക്കേറ്റത് 52 ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക്