ആലുവ: ജനവികാരം മനസിലാക്കി കെ. റെയിൽ പദ്ധതിയിൽനിന്ന് സർക്കാൻ പിന്മാറണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. ജനവിരുദ്ധ പദ്ധതിക്കായി ആലുവ മണ്ഡലത്തിൽ സർവ്വേനടപടികളും കല്ലിടലും അനുവദിക്കില്ല. പ്രക്ഷോഭത്തിന് നേരിട്ട് നേതൃത്വം നൽകും.
കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ജനവാസം കുറഞ്ഞ മേഖലയിലാണ് കല്ലിടാൻ ശ്രമം നടത്തിയത്. ഇതുവരെ പുറത്തുവന്ന വിവരങ്ങളനുസരിച്ച് കീഴ്മാട് പഞ്ചായത്തിലെ നാലാംമൈൽമുതൽ ചൊവ്വരക്കടവ് വരെയാണ് നിർദ്ദിഷ്ട പദ്ധതിപ്രദേശം. എന്നിട്ടും ആളൊഈിഞ്ഞ ഭാഗത്ത് സർവ്വേക്കെത്തിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് എം.എൽ.എ പറഞ്ഞു.
'രണ്ട് പതിറ്റാണ്ടായി അനുഭവിക്കുന്ന ദുരിതം, ഇനിയും സഹിക്കണോ?'
സീപോർട്ട് - എയർപോർട്ട് റോഡിനായി 20 വർഷം മുമ്പ് കീഴ്മാട് പഞ്ചായത്തിൽ സ്ഥാപിച്ച കുറ്റികൾ ഇപ്പോഴും അതേപടി നിൽക്കുമ്പോഴാണ് മറ്റൊരു നടക്കാത്ത പദ്ധതിക്കായി കുറ്റിയടിക്കാൻ ശ്രമം നടക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
സീപോർട്ട് - എയർപോർട്ട് റോഡിന്റെ ഭാഗമായി ആലുവ - പെരുമ്പാവൂർ സ്വകാര്യബസ്റൂട്ടിൽ അസീസി കവല വഴി എടയപ്പുറം ടൗൺഷിപ്പ് റോഡിന് കുറുകെയാണ് നിർദ്ദിഷ്ട റോഡ് കടന്നുപോകുന്നത്. തോട്ടുമുഖം മഹിളാലയം - തുരുത്ത് പാലംവഴി ശ്രീമൂലനഗരം പഞ്ചായത്തിലേക്ക് പ്രവേശിക്കും. പാലം ഏഴുവർഷം മുമ്പ് തുറന്നെങ്കിലും റോഡിന്റെ നിർമ്മാണം എൻ.എ.ഡിവരെയേ ഭാഗികമായെങ്കിലും പൂർത്തിയായിട്ടുള്ളു. അവശേഷിക്കുന്ന ഭാഗത്തെ സ്ഥലമെടുപ്പുപോലും ഇതുവരെ പൂർത്തിയായിട്ടില്ല. കല്ലിട്ടുപോയ സ്ഥലത്തിന്റെ ഉടമകൾക്ക് ഭൂമി പണയം വെയ്ക്കാനോ വിൽക്കാനോ കഴിയുന്നില്ല. വീട് നിർമ്മിക്കാൻ കഴിയാതെയും മക്കളുടെ വിവാഹം നടത്താനാകാതെയും നിരവധി പേരാണ് ദുരിതമനുഭവിക്കുന്നത്. ഇതിനിടയിലാണ് നിർദ്ദിഷ്ട കെ. റെയിൽ പദ്ധതിയും കീഴ്മാട് പഞ്ചായത്തിലൂടെ കടന്നുപോകുന്നത്. ഗെയിൽപൈപ്പും കീഴ്മാട് പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. ഗെയിലും സീപോർട്ട് - എയർപോർട്ട് റോഡും പഞ്ചായത്തിനെ പ്രതികൂലമായി ബാധിക്കില്ലെങ്കിലും കെ. റെയിൽ രണ്ടായി കീറിമുറിക്കുമെന്നാണ് പരാതി.