മരട്: നെട്ടൂരിലെ കാർഷിക നഗര മൊത്തവ്യാപാര വിപണിയിൽവച്ച് കഴിഞ്ഞ ദിവസം സ്വകാര്യ കമ്പനി പ്രതിനിധിയെ ക്രൂരമർദ്ദനത്തിനിരയാക്കിയതായി സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി. ബംഗളുരു ആസ്ഥാനമായുള്ള സ്റ്റാർട്ട് അപ് കമ്പനിയുടെ പ്രതിനിധി ജോസ് കെ. തോപ്പിലിനാണ് മർദ്ദനമേറ്റത്. മാർക്കറ്റിലെ ഒരു വ്യാപാരിയും അസോസിയേഷൻ പ്രസിഡന്റ് മൊഹിയുദ്ദീൻ എന്ന മൊയ്ദീനും അയാളുടെ ഗുണ്ടകളും ചേർന്നാണ് മർദ്ദിച്ചതെന്നാണ് പരാതി.
സംഭവ ശേഷം പരാതിയുമായി പനങ്ങാട് സ്റ്റേഷനിലെത്തിെയപ്പോൾ പൊലീസ് മോശമായി പെരുമാറിയെന്നും ജോസ് കെ. തോപ്പിൽ പറഞ്ഞു. തന്റെ ഭാഗത്ത് തെറ്റില്ലെന്നും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നുമുള്ള ആവശ്യം പൊലീസ് നിരസിച്ചതായി അദ്ദേഹം പറയുന്നു. ആശുപത്രിയിൽ ചികിത്സ തേടിയശേഷം വ്യാഴാഴ്ച സിറ്റി പൊലീസ് കമ്മിഷണർക്ക് നേരിട്ട് പരാതി നൽകി. ഇതിനിടെ വ്യാപാര സ്ഥാപനത്തിലെ മർദ്ദന ദൃശ്യങ്ങൾ അടങ്ങുന്ന സി.സി ടിവി കാമറയും ഉപകരണങ്ങളും മാർക്കറ്റ് വ്യാപാരികളുടെ പ്രസിഡന്റ് മൊയ്തീനിന്റെ നിർദ്ദേശപ്രകാരം കേടുവരുത്തിയതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.