mla

മുവാറ്റുപുഴ : മൂവാറ്റുപുഴ ജനറൽ ആശുപത്രിയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. വരുന്ന 30 വർഷങ്ങൾ മുമ്പിൽ കണ്ടുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിന്റെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി.

കാൻസർ രോഗികൾക്കുള്ള പ്രത്യേക ബ്ലോക്ക്, കുട്ടികൾക്കും അമ്മമാർക്കും ചികിത്സ തേടുന്നതിനുള്ള ബ്ലോക്ക് എന്നിവ പദ്ധതിയിൽ പുതിയതായി ഉൾപ്പെടുത്തും. അപകടത്തിൽ പെടുന്നവരെ ശുശ്രുഷിക്കുന്നതിന് അത്യാധുനിക ട്രോമ കെയർ സൗകര്യം അടുത്ത പ്രദേശങ്ങളിൽ ലഭ്യമല്ലാത്തതിനാൽ ഈ സൗകര്യം കൂടി രൂപരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഐസുലേഷൻ വാർഡ് ഉൾപ്പെടെയുള്ള നിലവിൽ ആശുപത്രിയിൽ ലഭ്യമായ മറ്റു സൗകര്യങ്ങളും വിപുലപ്പെടുത്തും. കിറ്റ്കോയാണ് മാസ്റ്രർ പ്ലാൻ തയ്യാറാക്കുന്നത്. ആശുപത്രിയിലെ സ്ഥല സൗകര്യം പരമാവധി പ്രയോജനപ്പെടുത്തിയാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതിയിൽ ജനങ്ങളുടെ അഭിപ്രായം തേടും.

ഉന്നതതല സംഘം ഒരുവട്ടം കൂടി ആശുപത്രി സന്ദർശിച്ചു രൂപരേഖക്ക് അന്തിമ രൂപം നൽകും. നഗരസഭ ചെയർമാൻ പി.പി. എൽദോസ്, വൈസ് ചെയർപേഴ്‌സൺ സിനി ബിജു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.വി.എം സലാം, ആശുപത്രി സൂപ്രണ്ട് ഡോ. രേഖ എം. രവീന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.