തൃക്കാക്കര: സുപ്രധാന ശസ്ത്രക്രിയ നടന്ന ദിവസം തന്നെ ഒരു ലക്ഷം രൂപ ചികിത്സാസഹായം ലഭിച്ച ആശ്വാസത്തിലാണ് മണീട് ചെരിക്കൻകുഴി വീട്ടിൽ സി.കെ സജി. ആദ്യം കോവിഡും പിന്നാലെ ഹൃദയവാൽവിന് തകരാറും കണ്ടെത്തിയ സജിക്ക് പട്ടിക ജാതി വികസന വകുപ്പിലെ ജീവനക്കാരുടെ ഇടപെടലാണ് തുണയായത്. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ഗുരുതര രോഗങ്ങൾ ബാധിച്ചവർക്ക് ചികിത്സാ ധനസഹായം നൽകുന്ന പദ്ധതിയിലാണ് സജിക്ക് സഹായം അനുവദിച്ചത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളാൽ വേണ്ട വിധം അപേക്ഷ സമർപ്പിക്കാൻ സജിക്ക് കഴിയാതിരുന്ന വിവരം മനസിലാക്കിയ ബ്ലോക്ക്‌ പട്ടിക ജാതി വികസന ഓഫീസർ പി. ചിത്ര സംഭവത്തിൽ ഇടപെട്ടു. അവർ വിവരം ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ അറിയിക്കുകയും ഓഫീസിലെ ജീവനക്കാരനായ എസ്. ശ്രീനാഥും ജില്ലാ പട്ടിക ജാതി വികസന ഓഫീസർ കെ. സന്ധ്യയും അപേക്ഷ യഥാസമയം പരിശോധിച്ച് വകുപ്പിലേക്ക് കൈമാറുകയും ചെയ്തു. ഈ മാസം 8ന് ആയിരുന്നു സജിയുടെ ശസ്ത്രക്രിയ. അന്നു തന്നെ സജിയുടെ പേരിൽ ആശുപത്രി അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു. മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ.ജോസഫ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.ബി. രതീഷ് എന്നിവരും എല്ലാ സഹായവുമായി ഒപ്പമുണ്ടായിരുന്നു.