കിഴക്കമ്പലം: വഴിയോരക്കച്ചവടത്തിനെതിരെ പരാതിയുമായി വ്യാപാരികൾ രംഗത്ത്. ടൗണിലെ നാലു വശങ്ങളിലേക്കുമുള്ള റോഡുകളുടെ ഇരുവശങ്ങളിലുമായി വഴിയോരക്കച്ചവടക്കാർ തമ്പടിച്ചിരിക്കുകയാണ്. താത്ക്കാലിക ഷെഡ് കെട്ടിയും വാഹനങ്ങളിലാക്കി ഭക്ഷണപദാർത്ഥങ്ങളും പലചരക്ക്, മത്സ്യം, മാംസം എന്നിവയും കച്ചവടം നടത്തുന്നു.
കച്ചവടം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ കളക്ടർക്ക് പരാതി നൽകി. പട്ടിമറ്റം വ്യാപാര ഭവനിൽ ചേർന്ന യോഗം പ്രസിഡന്റ് വി.വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.പി. അസൈനാർ അദ്ധ്യക്ഷനായി. ട്രഷറർ എൻ.കെ. ഗോപാലൻ, വൈസ് പ്രസിഡന്റുമാരായ വി.ജി. ബിനുകുമാർ, എൻ.പി. ബാജി തുടങ്ങിയവർ സംസാരിച്ചു.