കോലഞ്ചേരി: മാസങ്ങളായി അനധികൃത നിർമ്മാണം നടക്കുന്ന മീമ്പാറയിലെ പോട്ടേപാടത്ത് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ സന്ദർശനം നടത്തി. ഇവിടെ നിയമപരമായ എല്ലാ വഴികളും തേടുമെന്നും പോട്ടേപാടം സംരക്ഷിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും എം.എൽ.എ ഉറപ്പ് നൽകി. ഇതു സംബന്ധിച്ച് കളക്ടറുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെയാണ് എം.എൽ.എ സ്ഥലത്തെത്തിയത്. സി.പി.എം ലോക്കൽസെക്രട്ടറി എം.എൻ. അജിത്ത്, പൊതു പ്രവർത്തകരായ ജോളി കെ.പോൾ, സജോ സക്കറിയ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. സംഭവത്തിൽ തഹസിൽദാർ, കൃഷി വകുപ്പിനോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്, ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുവാറ്റുപുഴ ആർ.ഡി.ഒ പി.എൻ. അനി പറഞ്ഞു.
നാടാകെ പ്രതിഷേധത്തിൽ നിൽക്കുമ്പോഴും ഇന്നലെയും പോട്ടേപാടത്ത് അനധികൃത നിർമ്മാണ പ്രവർത്തനം നിർബാധം തുടരുകയാണ്. തണ്ണീർത്തട നിയമത്തിന്റെ ലംഘനമാണ് നാളുകളായി ഇവിടെ നടക്കുന്നതെന്നും വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഭീമ ഹർജി സർക്കാരിന് സമർപ്പിക്കുന്നുണ്ട്.