വൈപ്പിൻ: കടലാക്രമണം ഭയക്കാതെ അന്തിയുറങ്ങാൻ നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയുടെ ഭാഗമായി വൈപ്പിൻ മണ്ഡലത്തിൽ പത്താമത്തെ വീടൊരുങ്ങി. നായരമ്പലം പള്ളിപ്പറമ്പിൽ അബ്‌സലമിന് എടവനക്കാട് നിർമ്മിച്ച വീടിന്റെ ആധാരം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. കൈമാറി. പത്തുലക്ഷം രൂപയാണ് പദ്ധതിയിൽ അനുവദിച്ചത്.
തീരജനതയുടെ പേടിസ്വപ്‌നമായ കടാലാക്രമണകാലത്ത് ക്യാമ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമാണ് ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയെന്നും ജനങ്ങൾ തീരദേശം വിട്ടുപോരാൻ സന്നദ്ധമാകുന്ന മുറയ്ക്ക് ഫ്ളാറ്റ് സമുച്ചയം ഉൾപ്പെടെ പദ്ധതികൾ വേഗത്തിലാക്കുമെന്നും എം.എൽ.എ പറഞ്ഞു.
പുനർഗേഹം പദ്ധതി അവലോകനത്തിന് 16ന് രാവിലെ 11ന് ഞാറക്കൽ പൊതുമരാമത്ത് വകുപ്പ്റെസ്റ്റ് ഹൗസിൽ യോഗം ചേരും. പഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായും പുനർഗേഹം പദ്ധതിയിൽ വീടുകളൊരുക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. നൗഷർഖാൻ പറഞ്ഞു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ. സാജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ജൂനിയർ സൂപ്രണ്ട് പി. സന്ദീപ്, എ.എഫ്.ഇ.ഒമാരായ സീതാലക്ഷ്മി, കെ. ഡി. രമ്യ എന്നിവർ പ്രസംഗിച്ചു.