
കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ ഉത്തരവു ശരിവച്ച സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ ചാനലുടമയായ മാദ്ധ്യമം ബ്രോഡ്‌കാസ്റ്റിംഗ് ലിമിറ്റഡ് നൽകിയ അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി.പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലിൽ വാദം കേട്ടത്. ചാനലിനുവേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദുവെ ഹാജരായി. ജനാധിപത്യത്തിൽ മാദ്ധ്യമങ്ങൾക്കുള്ള പങ്ക് വളരെ വലുതാണെന്നും ഇത്തരം നിയമവിരുദ്ധമായ നടപടികൾ തടയണമെന്നും അദ്ദേഹം വാദിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിധിന്യായങ്ങളും ഹാജരാക്കി.
ചാനലിന്റെ വിലക്കിനു കാരണമായ വിവരങ്ങൾ മുദ്രവച്ച കവറിൽ നൽകാമെന്നും ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണിതെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ളിയറൻസില്ലെന്നു ചൂണ്ടിക്കാട്ടി ചാനലിന്റെ പ്രവർത്തനം നിറുത്താൻ ജനുവരി 31നാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം ഉത്തരവിറക്കിയത്. ഇതിനെതിരെ ചാനൽ ജീവനക്കാരും കേരള പത്രപ്രവർത്തക യൂണിയനും അപ്പീൽ നൽകിയിട്ടുണ്ട്.