കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ടൽ വഴിപാട് വിവാദമായതിനെ തുടർന്ന് തന്ത്രിസമാജം ഭാരവാഹികളുമായി കൊച്ചിൻ ദേവസ്വം ബോർഡ് ഇന്ന് ചർച്ച നടത്തും. പാപപരിഹാരാർത്ഥം ദേവസ്വം ക്ഷേത്രങ്ങളിൽ നടത്തുന്ന ഇതുപോലുള്ള അപരിഷ്കൃതമായ വഴിപാടുകളും കർമ്മങ്ങളും പരിഷ്കരിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്ന കാര്യമാകും ചർച്ചാവിഷയം. തൃശൂരിലെ ദേവസ്വം ആസ്ഥാനത്താണ് ചർച്ച.
കൊടുങ്ങല്ലൂർ എടവിലങ്ങ് ശിവകൃഷ്ണപുരം മഹാദേവ ക്ഷേത്രത്തിലെ പുനരുദ്ധാരണത്തോടനുബന്ധിച്ച് ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ട് നടത്താൻ ശ്രമിച്ചത് വിവാദങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് ഇവിടെ ഈ ചടങ്ങ് നടത്തരുതെന്ന് ദേവസ്വം ഉത്തരവായി.
അഷ്ടമംഗല പ്രശ്ന വിധി പ്രകാരമുള്ള കർമ്മങ്ങൾ ഏകപക്ഷീയമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നതും അതിന് തന്ത്രിക്ക് നിർദ്ദേശം കൊടുക്കുന്നതും അധികാര ദുർവിനിയോഗമാണെന്നുമുള്ള പ്രസ്താവനയുമായി അഖില കേരള തന്ത്രിസമാജവും രംഗത്തെത്തി.
തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ 20000 രൂപയുടെ വഴിപാടായി ഈ ചടങ്ങ് നടക്കുന്ന കാര്യം കേരളകൗമുദിയാണ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ദേവസ്വം ബോർഡിൽ നിന്ന് അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തു. ഹൈക്കോടതി സ്വമേധയാ കേസുമെടുത്തു.
ഇതിനിടെ ബോർഡിന്റെ തന്നെ ഇരിങ്ങാലക്കുട കാറളം വെള്ളാനി ഞാലിക്കുളം മഹാദേവക്ഷേത്രത്തിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന കാൽകഴുകിച്ചൂട്ട് വഴിപാട് പ്രതിഷേധത്തെ തുടർന്ന് ഒഴിവാക്കി.