കൊച്ചി: കലൂർ പാവക്കുളം ക്ഷേത്രത്തിനു മുന്നിൽ രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം നിറുത്താതെ പോയ കാർ പിടികൂടി. പെട്ടി ഓട്ടോറിക്ഷയും ഇലക്ട്രിക് സ്‌ക്കൂട്ടറും ഉന്തുവണ്ടിയും ഇടിച്ച് തെറുപ്പിച്ച് നിർത്താതെ പോയ കാറാണ് കലൂർ ദേശാഭിമാനി ജംഗ്ഷനിൽ ആളുകൾ പിടികൂടി പൊലീസിൽ ഏൽപിച്ചത്. കാറും അതിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകിട്ട് ആറിനായിരുന്നു അപകടം.
സംഭവത്തിൽ ഗുരുതര പരിക്കേറ്റ രണ്ടു പേരെ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ വെന്റിലേറ്റിലാണ്. ഇയാളെ തിരിച്ചറിഞ്ഞട്ടില്ല. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ എളമക്കര കൊല്ലാട്ട് വീട്ടിൽ രാജശേഖരൻ (63) ഐസിയുവിലാണ്.
ഓട്ടോയിലാണ് കാർ ആദ്യമിടിച്ചത്. ഇടിയെ തുടർന്ന് ഓട്ടോ മറിഞ്ഞു. തുടർന്ന് രാജശേഖരൻ സഞ്ചരിച്ച ഇലക്ട്രിക് സ്‌ക്കൂട്ടറിലിടിച്ച കാർ ഒരു ഉന്തുവണ്ടിക്കാരനേയും ഇടിച്ചു തെറിപ്പിച്ചു. നിറുത്താതെ പൊയ കാർ കണ്ടു നിന്നവർ പിന്തുടർന്ന് ദേശാഭിമാനി ജംഗ്ഷനിൽ വെച്ച് പിടികൂടുകയായിരുന്നു.