
ഫെബ്രുവരി 14 പ്രണയദിനം മാത്രമല്ല, സഖാവ് ആർ. സുഗതന്റെ ഓർമ്മദിവസം കൂടിയാണ്. ആലപ്പുഴയിലെ പ്രമുഖ തൊഴിലാളി പ്രവർത്തകനും കമ്മ്യൂണിസ്റ്റ് നേതാവും ത്യാഗധനനായ പൊതുപ്രവർത്തകനുമായിരുന്ന സഖാവ് സുഗതൻ 1970 ഫെബ്രുവരി 14 നാണ് കാലയവനികയ്ക്കു പിന്നിൽ മറഞ്ഞത്. ദരിദ്രനായി ജനിച്ച് നിസ്വനായി മരിച്ച ആ വലിയ മനുഷ്യൻ ഇപ്പോൾ തീർത്തും വിസ്‌മൃതനായിരിക്കുന്നു.
1901 ഡിസംബർ 23 ന് ആലപ്പുഴയിലെ ആലിശേരിയിലാണ് അദ്ദേഹം ജനിച്ചത്. ശ്രീധരൻ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. മിഡിൽ സ്കൂൾ പരീക്ഷ പാസായശേഷം ആദ്യം കയർ ഫാക്ടറി തൊഴിലാളിയായും പിന്നീട് ആലപ്പുഴയിലെ ഒരു സ്വകാര്യ പ്രൈമറി സ്കൂൾ അദ്ധ്യാപകനായും പ്രവർത്തിച്ചു. ശ്രീനാരായണ പ്രസ്ഥാനവുമായി അടുത്തു ബന്ധം പുലർത്തിയ ശ്രീധരൻ സഹോദരൻ അയ്യപ്പന്റെ ആരാധകനും അനുയായിയുമായി മാറി. ജാതി സമ്പ്രദായത്തിനും അയിത്തത്തിനും മറ്റു സാമൂഹ്യ അനാചാരങ്ങൾക്കുമെതിരെ തുടർച്ചയായി പ്രസംഗിച്ചു. ലേഖനങ്ങളും കവിതകളും എഴുതി. തികഞ്ഞ യുക്തവാദിയായിരിക്കുമ്പോഴും ബുദ്ധമത ദർശനത്തോടു വലിയ പ്രതിപത്തി പ്രകടിപ്പിച്ചു. പിന്നീട് ഔപചാരികമായി ബുദ്ധമതം സ്വീകരിച്ചു. അതോടൊപ്പം പേര് സുഗതൻ എന്നാക്കി മാറ്റി. അക്കാലത്ത് ആലപ്പുഴ ലേബർ അസോസിയേഷൻ നടത്തി വന്നിരുന്ന നിശാപാഠശാലയിലും പ്രവർത്തിച്ചു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച സുഗതൻ മുഴുവൻ സമയ തൊഴിലാളി പ്രവർത്തകനായി മാറി. തൊഴിലാളികൾ അദ്ദേഹത്തെ സ്നേഹപൂർവം സുഗതൻ സാർ എന്നു വിളിച്ചു.
1930 ൽ ആലപ്പുഴ ലേബേഴ്‌സ് സഹകരണ സംഘത്തിന്റെ സെക്രട്ടറിയായും 1936 ൽ ലേബർ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്റെ മുഖപത്രമായ 'തൊഴിലാളി'യുടെ പത്രാധിപരായും പ്രവർത്തിച്ചു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ ഭാഗമായി പലതവണ മർദ്ദനവും അറസ്റ്റും ജയിൽവാസവും അനുഭവിച്ചു. പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തെ സംബന്ധിച്ചിടത്തോളം ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തുടർച്ചയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. സമകാലികരായ മറ്റു നേതാക്കളെപ്പോലെ സുഗതനും കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ ആകൃഷ്ടനായി. മാർക്സിസം - ലെനിനിസിസത്തിൽ അഗാധ പരിജ്ഞാനം ആർജ്ജിച്ചു. 1943 ൽ അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്താണ് ഔപചാരികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്. പിന്നീട് സർ സി.പിയുടെ അമേരിക്കൻ മോഡൽ ഭരണപരിഷ്കാരത്തിനെതിരെ നടത്തിയ സമരത്തിൽ സജീവപങ്കാളിത്തം വഹിച്ചു. സ്വാതന്ത്ര്യാനന്തരം ആലപ്പുഴയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായി മാറി. 1952 ലും 1954 ലും തിരു - കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാംഗമായ ശേഷവും സുഗതന്റെ ജീവിതശൈലിയിൽ യാതൊരു മാറ്റവും വന്നില്ല. അദ്ദേഹം പഴയതുപോലെ കൈലിമുണ്ടും വള്ളിച്ചെരിപ്പുമായി ട്രേഡ് യൂണിയൻ പ്രവർത്തനം തുടർന്നു. തന്റെ തുച്ഛമായ കുടുംബസ്വത്ത് വിറ്റുകിട്ടിയ പണം പാർട്ടിക്ക് സംഭാവന നൽകി. നിയമസഭാംഗം എന്ന നിലയ്ക്ക് കിട്ടിയിരുന്ന വേതനവും പാർട്ടി ഫണ്ടിൽ അടച്ച് പാർട്ടിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ ലെവി കൊണ്ടു ജീവിച്ചു. അവിവാഹിതനായിരുന്നു സുഗതൻ സാർ. ആലപ്പുഴ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫീസായിരുന്നു അദ്ദേഹത്തിന്റെ തറവാട്.
1957 ൽ കാർത്തികപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ നിയമവും കാർഷികബന്ധ ബില്ലും വിമോചന സമരവും പ്രക്ഷുബ്‌ധമാക്കിയ നാളുകളിലും സുഗതൻ സാർ ആലപ്പുഴ തൊഴിലാളികളുടെ സമരനായകനായി നിലകൊണ്ടു. നിയമസഭയ്ക്കകത്തും പുറത്തും പോരാട്ടം തുടർന്നു. വൻമരങ്ങൾ കടപുഴകിയ 1960 ലെ തിരഞ്ഞെടുപ്പിലും കാർത്തികപ്പള്ളിയിൽ അദ്ദേഹം വിജയം ആവർത്തിച്ചു. ഭൂരിപക്ഷം വർദ്ധിച്ചു. 1962 ആകുമ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിഭാഗീയത മൂർച്ഛിച്ചു. ഏകശിലാ നിർമ്മിതം എന്നു കരുതിയ പാർട്ടി 1964 ൽ രണ്ടായി. ഏകോദര സഹോദരങ്ങളായി കഴിഞ്ഞിരുന്ന നേതാക്കളും പ്രവർത്തകരും ഭിന്നചേരിയിലായി. പിന്നീട് വിഴുപ്പലക്കലിന്റെ കാലമായി. 1962 ലെ യുദ്ധകാലത്തും പിന്നീടും കറതീർന്ന ദേശീയവാദിയായിരുന്നു സുഗതൻ സാർ. അതുകൊണ്ടു തന്നെ അദ്ദേഹം പാർട്ടി പിളർന്നു പുറത്തു പോയവരോടൊപ്പം ചേരാൻ വിസമ്മതിച്ചു. മാതൃസംഘടനയിൽ ഉറച്ചു നിന്നു. സ്വാഭാവികമായും മറുഭാഗത്തുള്ളവർ പ്രകോപിതരായി. അവർ അപവാദ പ്രചരണം അഴിച്ചുവിട്ടു. അദ്ദേഹത്തെ വർഗവഞ്ചകനും മുതലാളിസ്നേഹിയുമാക്കി മുദ്രയടിച്ചു. പാർട്ടിയോടൊപ്പം വർഗ ബഹുജന സംഘടനകളും പിളർന്നു. ആലപ്പുഴയിലെ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ, കന്നിട്ട തൊഴിലാളി യൂണിയൻ, ബീഡിത്തൊഴിലാളി യൂണിയൻ, റിക്ഷാ തൊഴിലാളി യൂണിയൻ, മുനിസിപ്പൽ തൊഴിലാളി യൂണിയൻ ചെത്തുതൊഴിലാളി യൂണിയൻ എന്നിവയൊക്കെ നെടുകെ പിളർന്നു. തൊഴിൽ സംഘടനകളുടെ പിളർപ്പ് സുഗതൻ സാറിനെ വല്ലാതെ ബാധിച്ചു. ആ യൂണിയനുകളൊക്കെ അദ്ദേഹത്തിന്റെ ജീവന്റെ ജീവനായിരുന്നു. തൊഴിലാളി സംഘടനകളും പാർട്ടിയും മാത്രമായിരുന്നു ഈ ലോകത്ത് അദ്ദേഹത്തിന് ആകെയുണ്ടായിരുന്നത്. അവയ്ക്കു വേണ്ടി അർപ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
1965 ആകുമ്പോഴേക്കും കാർത്തികപ്പള്ളി നിയോജകമണ്ഡലം ഇല്ലാതായി. പകരം അമ്പലപ്പുഴ നിലവിൽ വന്നു. അമ്പലപ്പുഴയിൽ സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ച സുഗതൻ സാർ ദയനീയമായി പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി കെ.എസ്. കൃഷ്‌ണക്കുറുപ്പ് വിജയിച്ചു. സി.പി.എം സ്ഥാനാർത്ഥി വി.എസ്. അച്യുതാനന്ദൻ രണ്ടാം സ്ഥാനത്തെത്തി. സുഗതൻ സാർ മൂന്നാം സ്ഥാനത്തായി എന്നു മാത്രമല്ല, ജാമ്യസംഖ്യ പോലും നഷ്ടപ്പെട്ടു. അതോടെ അദ്ദേഹം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തോടു വിടപറഞ്ഞു.
പാർട്ടിയിലെ പിളർപ്പും തിരഞ്ഞെടുപ്പിലെ തോൽവിയും മുൻകാല സഹപ്രവർത്തകരുടെ അപവാദ പ്രചരണവും സുഗതനെ തളർത്തി. അദ്ദേഹം മാനസികമായും ശാരീരികമായും അവശനായി. അതിനിടെ പ്രമേഹം മൂർച്ഛിച്ചു. ഒരുഘട്ടത്തിൽ പാർട്ടി അദ്ദേഹത്തെ സോവിയറ്റ് യൂണിയനിൽ അയച്ച് വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ഫലിച്ചില്ല. ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപമുള്ള കൃഷ്‌ണഭവൻ ലോഡ്ജിലെ ഒമ്പതാംനമ്പർ മുറിയിൽ അദ്ദേഹം ഒതുങ്ങിക്കൂടി. ഒടുവിൽ ചികിത്സയ്ക്കും ശുശ്രൂഷയ്ക്കും വേണ്ടി തിരുവനന്തപുരത്തേക്ക് മാറ്റാൻ പാർട്ടി തീരുമാനിച്ചു. തന്റെ പുസ്തകങ്ങളും കടലാസുകളും അദ്ദേഹം ചില സഖാക്കൾക്ക് വീതിച്ചു കൊടുത്തു. അഞ്ചുരൂപയുടെ ഒരു നാഷണൽ പ്ളാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റായിരുന്നു ഒരേയൊരു സമ്പാദ്യം. അതും ഒരു തൊഴിലാളി സഖാവിന്റെ കൊച്ചുമകൾക്ക് സമ്മാനിച്ചു. അങ്ങനെ സുഗതൻ സാർ തന്റെ എല്ലാമെല്ലാമായ ആലപ്പുഴയോടു വിടപറഞ്ഞു. തിരുവനന്തപുരത്ത് പാർട്ടി സ്റ്റേറ്റ് കൗൺസിൽ ഓഫീസിൽ താമസിച്ച് ചികിത്സ തുടർന്നു. പക്ഷേ, അതും ഫലവത്തായില്ല. 1970 ഫെബ്രുവരി 13 ന് അസുഖം വളരെ അധികരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്ന് പുലർച്ചെ രോഗനില വഷളായി. അദ്ദേഹം മരണത്തിനു കീഴടങ്ങി. ഫെബ്രുവരി 15 നു വലിയ ചുടുകാട്ടിൽ സഖാവ് കൃഷ്‌ണപിള്ളയുടെ കുഴിമാടത്തിനരികിൽ സുഗതനെയും മറവു ചെയ്തു. ആലപ്പുഴ തൊഴിലാളികളുടെ പോരാട്ട ചരിത്രത്തിൽ ഒരു അദ്ധ്യായം അങ്ങനെ അവസാനിച്ചു.
സഖാവ് സുഗതനെപ്പോലെ നിരവധി പേരുടെ ത്യാഗത്തിലും സമർപ്പണത്തിലും കെട്ടിപ്പടുത്തതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. നവലിബറൽ നയങ്ങളിൽ അഭിരമിക്കുന്ന, ചില പ്രവാസി മുതലാളിമാർക്ക് വിടുപണി ചെയ്യുന്ന പുതിയകാല നേതാക്കൾ വല്ലപ്പോഴുമെങ്കിലും അത് ഓർക്കുന്നതു നന്നായിരിക്കും.