lottery-sellers

 പുറത്തായപ്പോൾ എതിർപ്പും

കൊച്ചി: കേരള ലോട്ടറി ക്ഷേമനിധി അംഗത്വത്തിന് ട്രേഡ് യൂണിയനുകളുടെ സാക്ഷ്യപത്രം ആവശ്യമില്ലെന്ന ഭേദഗതി വിജ്ഞാപനം നടപ്പാക്കാതെ ക്ഷേമനിധി ബോ‌ർഡിലെ ഉദ്യോഗസ്ഥർ ഫയൽ പൂഴ്ത്തിവച്ചത് രണ്ടുകൊല്ലം. അടുത്തിടെ ബോർഡിൽ പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥൻ ഫയലുകൾ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. ഇക്കാര്യം ലോട്ടറി വകുപ്പു ഡയറക്ടറുടെ ശ്രദ്ധയിൽപെടുത്തി. അതോടെ വിജ്ഞാപനം നടപ്പാക്കുന്നതിനെതിരെ എതിർപ്പുമായി ചില ട്രേഡ് യൂണിയനുകൾ രംഗത്തെത്തി. അതേസമയം, വിജ്ഞാപനത്തിൽ വീണ്ടും മാറ്റം വരുത്തി പഴയതുപോലെ ട്രേഡ് യൂണിയനുകളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള നീക്കം അണിയറയിൽ ആരംഭിച്ചതായും സൂചനയുണ്ട്. ക്ഷേമനിധിയിൽ ട്രേഡ് യൂണിയനുകൾവഴി അനധികൃതമായി ആളുകൾ കടന്നുകൂടുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് 2014ൽ നിയമസഭയിൽ ഉണ്ടായ തീരുമാനം 2020ൽ വിജ്ഞാപനമായി ഇറക്കി. 2009ലെ ലോട്ടറിക്ഷേമനിധി ചട്ടപ്രകാരം ക്ഷേമനിധി അംഗത്വത്തിന് അംഗീകൃത ട്രേഡ് യൂണിയനും ഏജന്റും സാക്ഷ്യപത്രം നൽകണം എന്നായിരുന്നു. ഇതിലാണ് ഭേദഗതി വരുത്തി ട്രേഡ് യൂണിയനുകളുടെ പങ്കാളിത്തം എടുത്തുകളഞ്ഞത്. 2020ലെ വിജ്ഞാപന പ്രകാരം ഏജന്റിന്റെ സാക്ഷ്യപത്രമോ ജില്ലാ അസിസ്റ്രന്റ് ലോട്ടറി ഓഫീസർ അറ്റസ്റ്റുചെയ്ത തൊഴിലാളിയുടെ ലോട്ടറി ടിക്കറ്റ് വില്പന രജിസ്റ്ററിലെ പേജുകളോ സമർപ്പിച്ചാൽ മതി.

വിജ്ഞാപനകാര്യത്തിൽ വ്യക്തത വരാനുണ്ട്. അപേക്ഷാഫോമടക്കമുള്ള കാര്യങ്ങളെപ്പറ്റി തിരക്കും. സർക്കാർ നി‌ർദ്ദേശിക്കുന്നത് എന്താണോ അത് നടപ്പിലാക്കും.

എബ്രഹാം റെൻ,

ഡയറക്ടർ,

ലോട്ടറി വകുപ്പ്

2020ലെ നിയമഭേദഗതി റദ്ദാക്കാനുള്ള നീക്കങ്ങൾ ആരംഭിക്കും. എല്ലാ മേഖലകളിലേയുംപോലെ ലോട്ടറി ക്ഷേമനിധിയിലും ട്രേഡ് യൂണിയനുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. ഇതിനായി കഴിഞ്ഞ ഡയറക്ടർ‌ ബോർഡ് യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.

പി.ആർ. ജയപ്രകാശ്,

ചെയർമാൻ,

ലോട്ടറി ക്ഷേമനിധി ബോർഡ്