കുട്ടമ്പുഴ: ജില്ലയിലെ വാർഷിക വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ഫണ്ട് ചെലവഴിക്കുന്നതിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഏറ്റവും പിന്നിലായത് ജീവനക്കാരുടെ അഭാവം മൂലമാണെന്ന് പഞ്ചായത്ത് ഭരണ സമിതി. സാമ്പത്തിക വർഷാരംഭം മുതൽ കഴിഞ്ഞ പത്ത് മാസക്കാലയളവിൽ അശാസ്ത്രീയവും നീതിരഹിതവുമായ സ്ഥലംമാറ്റം മൂലം 8 സെക്രട്ടറിമാരാണ് പഞ്ചായത്തിൽ ചുമതലയേറ്റത്. 6 ക്ലാർക്ക് തസ്തികയുള്ള കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ നിലവിൽ ഒരു ക്ലാർക്ക് മാത്രമാണുള്ളത്.
ഒരു ക്ലാർക്ക് മാത്രമുള്ള കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ അഞ്ച് കോടിയോളം രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. ജില്ലയിൽ ഫണ്ട് ചെലവഴിക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഗ്രാമപഞ്ചായത്തിൽ 10 ക്ലാർക്കുമാരാണുള്ളത്. എന്നാൽ പത്ത് ക്ലാർക്കുമാരുള്ള പഞ്ചായത്തിനേക്കാൾ അധികം തുക ചെലവഴിക്കാൻ ഒരു ക്ലാർക്ക് മാത്രമുള്ള കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ പറഞ്ഞു.
ഓരോ ഗ്രാമപഞ്ചായത്തിനും വിവിധ വിഭാഗങ്ങളിൽ വ്യത്യസ്ത അനുപാതത്തിലാണ് ഫണ്ട് ലഭിക്കുന്നത്. അതിനാൽ ഇതരപഞ്ചായത്തുകളെക്കാൾ കൂടുതൽ ഫണ്ട് ലഭിക്കുന്ന കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ ചെലവ് ശതമാനത്തിൽ കണക്കാക്കുന്നത് അശാസ്ത്രീയമാണെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
പട്ടിക വർഗ വിഭാഗങ്ങൾ ഏറെ കൂടുതലുള്ള കേരളത്തിലെ പ്രധാന പഞ്ചായത്താണ് കുട്ടമ്പുഴ. വിവിധ വിഭാഗങ്ങളിൽ കൂടുതൽ ഫണ്ടുള്ള കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ അധിക ജീവനക്കാരെ വിന്യസിക്കേണ്ട സാഹചര്യത്തിൽ നിലവിലുള്ള തസ്തിക പോലും നികത്താതെ പഞ്ചായത്ത് അധികാരികൾ രാഷ്ട്രീയ പ്രേരിതമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് പ്രസിഡന്റ് ആരോപിച്ചു. ജില്ലയ്ക്ക് പുറത്തുനിന്ന് എറണാകുളത്തേക്ക് സ്ഥലം മാറ്റം അപേക്ഷിച്ച് നിരവധിപേർ കാത്തുനിൽക്കുമ്പോഴാണ് ഉചിതമായ നടപടികൾ സ്വീകരിക്കാതെ പഞ്ചായത്ത് വകുപ്പ് രാഷ്ട്രീയം കളിക്കുന്നത്. നിലവിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ 6 തസ്തികകൾ ഒഴിവുണ്ട്. എന്നാൽ ഒഴിവ് നികത്തുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാതെ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെ പഞ്ചായത്ത് വകുപ്പ് സമ്മർദ്ദത്തിലാക്കുകയാണ്.