anandagopan
തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ചുചേർത്ത ശിവരാത്രി അവലോകന യോഗം പ്രസിഡന്റ് കെ. അനന്തഗോപാൻ യോഗം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് കൊവിഡ് മാനദണ്ഡം പാലിച്ച് പിതൃബലി തർപ്പണം സംഘടിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ചുചേർത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു. അദ്വൈതാശ്രമത്തിൽ നടന്ന ഭക്തജനസംഗമവും സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച് ബലിതർപ്പണവും സർവ്വമതസമ്മേളനവും സംഘടിപ്പിക്കാൻ തീരുമാനിച്ചു.

 ദേവസ്വംബോർഡ് തീരുമാനങ്ങൾ

ബലിതർപ്പണത്തിനെത്തുന്നവർ രണ്ട് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി കരുതണം. അല്ലെങ്കിൽ 48 മണിക്കൂറിനകമെടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വേണം. നിലവിലുള്ള സർക്കാർ നയമനുസരിച്ചാണ് തീരുമാനം. ശിവരാത്രിക്കുമുമ്പ് സർക്കാർ കൂടുതൽ ഇളവ് പ്രഖ്യാപിച്ചാൽ അതനുസരിച്ച് തീരുമാനത്തിൽ മാറ്റംവരുത്തും.

മണപ്പുറം ക്ഷേത്രത്തിൽ കഴിഞ്ഞ വർഷത്തെപ്പോലെ വെർച്വൽക്യൂ ഉണ്ടായിരിക്കില്ല. മാർച്ച് ഒന്നിന് ഉച്ചമുതൽ രണ്ടിന് 12 വരെയാണ് നിയന്ത്രണങ്ങൾ. ശിവരാത്രി ബലിതർപ്പണം ഒന്നിന് അർദ്ധരാത്രിയാരംഭിച്ച് രണ്ടിന് ഉച്ചവരെയാണ്. സാനിറ്റൈസർ, മാസ്ക് എന്നിവ വിതരണം ചെയ്യുന്നതിന് മണപ്പുറത്ത് പ്രത്യേക കൗണ്ടറുണ്ടാകും. ഇവിടെ കൊവിഡ്, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് പരിശോധനയുമുണ്ടാകും.

150 ബലിത്തറകളുണ്ടാകും. 15മുതൽ ലേലംനടക്കും. മുന്നറിയിപ്പ് ബോർഡുകൾ പുഴയിലും മണപ്പുറത്തും സ്ഥാപിക്കും. പന്തൽ, വാച്ച്ടവർ, 10 ബയോ ടൊയ്‌ലെറ്റുകൾ, സ്ത്രീകൾക്ക് വസ്ത്രംമാറാൻ പ്രത്യേകമുറികൾ എന്നിവ തയ്യാറാക്കും. ചുക്കുവെള്ളം, അന്നദാനം എന്നിവ സൗജന്യമാണ്.

പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തതിനെത്തുടർന്ന് തകർന്ന നഗരത്തിലെ റോഡുകൾ ശിവരാത്രിക്ക് മുമ്പ് പൂർവ്വസ്ഥിതിയിലാക്കാനാകില്ലെങ്കിലും പൊടിശല്യം ഒഴിവാക്കും. പാലസ് റോഡ് റീടാറിംഗ് ശിവരാത്രിക്ക് ശേഷമേ നടത്താനാകൂവെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ യോഗത്തിൽ അറിയിച്ചു. പൈപ്പ് മാറ്റുന്നതിന് ഒരാഴ്ചകൂടി വേണം. കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. വടക്കേ മണപ്പുറത്ത് സ്റ്റാൻഡും പ്രവർത്തിക്കും. മെഡിക്കൽടീം സർവ്വസജ്ജമായിരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പൊലീസ് എയ്ഡ് പോസ്റ്റും സി.സി ടിവി കാമറകളും സ്ഥാപിക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപാൻ യോഗം ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പർ പി.എം. തങ്കപ്പൻ, ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ്, എക്സിക്യൂട്ടീവ് എൻജിനീയർ ജി.എസ്. ബൈജു, ആലുവ തഹസിൽദാർ സി.പി. സത്യപാലൻ നായർ, വകുപ്പ് മേധാവികളായ എം. വസന്തൻ, എൽ. അനിൽകുമാർ, കെ.എസ്. റിബിൻ, ഡോ. വിനോദ് പൗലോസ്, ഡോ. കെ. പ്രസന്നകുമാരി, കെ. സ്മിത, ട്രീസ സെബാസ്റ്റൻ, വി.എൻ. വിനിത, പി. രാജീവ്, സാധുകുമാർ, നഗരസഭ കൗൺസിലർമാരായ കെ. ജയകുമാർ, കെ.വി. സരള, എസ്. ശ്രീകാന്ത്, ദിവ്യ സുനിൽ എന്നിവർ സംബന്ധിച്ചു.

അദ്വൈതാശ്രമത്തിൽ വിപുലമായ തയ്യാറെടുപ്പ്:

കടവ് നവീകരണം വേഗത്തിൽ പൂർത്തിയാക്കണം

അദ്വൈതാശ്രമത്തിൽ സാമൂഹികഅകലം പാലിച്ച് ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. മാർച്ച് ഒന്നിന് വൈകിട്ട് സർവ്വമത സമ്മേളനവും നടക്കും. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ, ഗുരുധർമ്മ പ്രചാരണസഭ, ആലുവ ശ്രീനാരായണക്ളബ് എന്നിവയുടെ നേതൃത്വത്തിൽ വാളണ്ടിയർമാർ പ്രവർത്തിക്കും.

ആശ്രമത്തിലെ ഗുരുമന്ദിരംകടവ് ശിവരാത്രിക്ക് മുമ്പായി പൂർത്തീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വീഴ്ച്ചയുണ്ടായാൽ ബലിതർപ്പണ ചടങ്ങുകളെ ബാധിക്കും. ആശ്രമത്തിലെ രണ്ട് കടവുകളിൽ പുരുഷന്മാരുടെ കടവിന്റെ നവീകരണമാണ് ഒരുവർഷത്തോളമായി ഇഴഞ്ഞുനീങ്ങുന്നത്.

ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വി.ഡി. രാജൻ, പി.പി. രാജൻ, എം.വി. മനോഹരൻ, പി.എം. മധു, പി.ആർ. നിർമ്മൽകുമാർ, പി.എസ്. ഓംങ്കാർ, എ.എൻ. രാജൻ, പി.സി. വിപിൻ, പി.കെ. ജയന്തൻ ശാന്തി, ചന്ദ്രൻ എന്നിവർ സംസാരിച്ചു. വിവിധ ശ്രീനാരായണ സംഘടനാ ഭാരവാഹികളായ ടി.എസ്. അരുൺ, കെ.എൻ. ദിവാകരൻ, പി.എസ്. സിനീഷ്, കെ.കെ. മോഹനൻ, സജീവൻ ഇടച്ചിറ, കെ. ശിവൻ, ഗിരിജ ചെറായി, ശശി തൂമ്പായിൽ, എം.കെ. രാജീവ്, ലൈല സുകുമാരൻ, സിന്ധു ഷാജി, വേണുഗോപാൽ ഗുരുവരം എന്നിവർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.