
കോതമംഗലം: വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വി.എസ്.എസ്.സി) പുതിയ ഡയറക്ടറായി ഡോ. എസ് ഉണ്ണിക്കൃഷ്ണൻ നായർ ചുമതലയേറ്റെടുത്തപ്പോൾ അത് കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിന് അഭിമാന നിമിഷമായി. എയർ ഇന്ത്യ ചെയർമാൻ ആയിരുന്ന റോയി പോൾ ഐ.എ.എസ് അടക്കം ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിന്റെ മികവിന്റെ മുദ്രയായി ഇപ്പോൾ ഉണ്ണിക്കൃഷ്ണൻ നായരുടെ നിയമനവും.
1980-85 കാലഘട്ടത്തിൽ കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന ഉണ്ണിക്കൃഷ്ണനെ
കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ.വിന്നി വർഗീസ്, പ്രിൻസിപ്പാൾ ഡോ. മാത്യു കെ, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. ബിനു മർക്കോസ് എന്നിവർ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. അടുത്ത ആഴ്ച്ചയോടെ കോളേജിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു. മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികളും അദ്ധ്യാപകരുമായി സംവദിക്കുന്നതിനും സെമിനാറുകളിൽ സംസാരിക്കുന്നതിനുമായി മുൻപ് പലവട്ടം കോളേജിൽ എത്തിയിട്ടുണ്ട് അദ്ദേഹം.