കൊച്ചി: കനാൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ( കെ.എം.ആർ.എൽ ) നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നാല് മലിനജല സംസ്കരണ പ്ളാന്റുകൾ നിർമ്മിക്കുന്നു. മാർച്ചിൽ ഇതിനുള്ള ടെൻഡർ വിളിക്കും. എളംകുളത്ത് ജല അതോറിട്ടിയുടെ ഉടമസ്ഥതയിലുള്ള 12 ഏക്കർ സ്ഥലത്താണ് ആദ്യ പ്ളാന്റ് വരുന്നത്. വെണ്ണല, മുട്ടാർ, പേരണ്ടൂർ എന്നിവിടങ്ങളിലാണ് ബാക്കിയുള്ളവ. ജനവാസ പ്രദേശങ്ങളിൽ നിന്നകന്നുള്ള സ്ഥലങ്ങളാണ് പ്ളാന്റിനായി കണ്ടെത്തിയിരിക്കുന്നത്. ഓരോന്നിനും 31 ദശലക്ഷം ലിറ്റർ മലിനജലം പ്രതിദിനം സംസ്കരിക്കാൻ കഴിയും. ഇതിലൂടെ നഗരത്തിലെ 40 ശതമാനം മലിനജലം സംസ്കരിക്കാം. ടെൻഡർ പ്രക്രിയ കഴിഞ്ഞാൽ രണ്ടു വർഷത്തിനകം പ്ളാന്റ് നിർമ്മാണം പൂർത്തിയാകുമെന്ന് കെ.എം.ആർ.എൽ വൃത്തങ്ങൾ പറഞ്ഞു.
എളംകുളത്ത് മൂന്ന് ഏക്കർ സ്ഥലമാണ് പ്ളാന്റിനായി നീക്കിവച്ചിരിക്കുന്നത്. പ്രതിദിനം 4.5 ദശലക്ഷം ലിറ്റർ സംസ്കരണ ശേഷിയുള്ള പഴയ പ്ളാന്റ് നിലവിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ആറു പതിറ്റാണ്ട് പഴക്കമുള്ള ഈ പ്ളാന്റ് അഞ്ചു ഡിവിഷനുകളിലെ 3 മുതൽ 3. 2 ദശലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കുന്നുണ്ട്.
കനാൽ പുനുരുദ്ധാരണത്തിന്റെ ഭാഗമായുള്ള പദ്ധതി
1528 കോടിയുടെ കനാൽ നവീകരണ ഫണ്ടിൽ നിന്നൊരു വിഹിതം പ്ളാന്റ് നിർമ്മാണത്തിന് ചെലവഴിക്കും
കിഫ് ബി വഴി ധനസഹായം
കേരള വാട്ടർ അതോറിറ്റി ആണ് നോഡൽ ഏജൻസി
പ്ളാന്റുകളുടെ ഡി.പി.ആർ കിഫ് ബിക്ക് കൈമാറി.
മാർച്ച് അവസാനത്തോടെ ടെൻഡർ നടപടികൾ തുടങ്ങും
മേൽനോട്ടം കൊച്ചി മെട്രോ
മലിനജല സംസ്കരണ പ്ളാന്റ് പദ്ധതി നടപ്പാക്കാനുള്ള ചുമതല കേരള വാട്ടർ അതോറിറ്റിയ്ക്കാണ്. പ്ളാന്റിന്റെ പരിധിയിൽ കൂടുതൽ പ്രദേശം ഉൾപ്പെടുത്താനും വാട്ടർ അതോറ്റിക്ക് അധികാരമുണ്ടാവും. കനാലുകളെ മാലിന്യത്തിൽ നിന്ന് രക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. പ്രദേശത്ത് സി.സി.ടി.വി സ്ഥാപിക്കാനും പരിപാടിയുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇടപെടലിനെ തുടർന്നാണ് മലിനജല സംസ്കണ പ്ളാന്റുകൾ സ്ഥാപിക്കാൻ കെ.എം.ആർ.എൽ മുന്നിട്ടിറങ്ങുന്നത്. പ്ളാന്റ് സ്ഥാപിക്കുന്നതിൽ വീഴ്ച വരുത്തുന്ന തദ്ദേശസ്ഥാപങ്ങൾക്കെതിരെ പിഴ ചുമത്താനും ട്രിബ്യൂണൽ നിർദ്ദേശിച്ചിരുന്നു.
മലിനീകരണത്തിൽ നിന്ന് മോചനം
മലിനജല പ്ളാന്റ് പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ ശൗചാലയങ്ങൾക്ക് സെപ്ടിക് ടാങ്ക് ആവശ്യമില്ല
സെപ്ടിക് ടാങ്ക് ചോർച്ച ഉൾപ്പെടയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം
കനാലുകൾ മാലിന്യമുക്തമാകും.
പൊതുസ്ഥലങ്ങളിൽ ടാങ്കറിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളുന്ന പരിപാടിയ്ക്ക് അവസാനമാവും
കൊതുക് ശല്യം ശമിക്കും
ജല, വായു മലിനിീകരണം കുറയും.